Saturday, July 18, 2026
Kerala News

വി ഡി സതീശന് എല്ലാവിധ ആശംസകളും; മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല

 വി ഡി സതീശന് എല്ലാവിധ ആശംസകളും; മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല

തൃശൂര്‍:   മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ ഇടഞ്ഞ രമേശ് ചെന്നിത്തല ഒടുവില്‍ മൗനം വെടിഞ്ഞു. വി ഡി സതീശന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ഹൈക്കമാന്‍ഡ് എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല ഗുരുവായൂരില്‍ പറഞ്ഞു. മന്ത്രിമാര്‍ ആരൊക്കെ ആകണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍, ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്ന് നന്ദികേട് ഉണ്ടായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കാന്‍ തയ്യാറായില്ല.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത അതൃപ്തിയിലായിരുന്ന ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതിന്റെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ഇന്ന് സംസ്ഥാനത്തെത്തും. ചെന്നിത്തലയെ മന്ത്രിസഭയുടെ ഭാഗമാക്കാനും ആഭ്യന്തര വകുപ്പ് നല്‍കാനും ആലോചനകള്‍ നടക്കുന്നുണ്ട്. ഇന്ന് തലസ്ഥാനത്തെത്തുന്ന അദ്ദേഹത്തിന് അനുയായികള്‍ വലിയ സ്വീകരണം ഒരുക്കുന്നുണ്ട്. കൂടാതെ കെ.സി. വേണുഗോപാലുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്.

നേരത്തെ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കുന്നതില്‍ ചെന്നിത്തല പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തന്റെ സീനിയോരിറ്റി പരിഗണിച്ചില്ലെന്നും പാര്‍ട്ടി അച്ചടക്കം പാലിച്ചിട്ടും താന്‍ അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നിയമസഭാ കക്ഷിയോഗത്തില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയും നേതാക്കളുമായി സംസാരിക്കാന്‍ തയ്യാറാകാതെ തിരുവനന്തപുരത്ത് നിന്ന് ഹരിപ്പാടേയ്ക്ക് മടങ്ങുകയും ചെയ്തിരുന്നു.





Related News

Comments

No comments yet. Be the first to comment!

Leave a Comment