Saturday, July 18, 2026
Kerala News

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ്; മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ആവശ്യമുന്നയിക്കും

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ്; മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ആവശ്യമുന്നയിക്കും

തിരുവനന്തപുരം: രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് കേരള കോണ്‍ഗ്രസിന്റെ തീരുമാനം. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം നടക്കുന്ന യോഗത്തില്‍ ആവശ്യമുന്നയിക്കും.  ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കുന്നതിനായി കേരള കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് യോഗത്തില്‍ പങ്കെടുക്കാനായി ഉടന്‍ പുറപ്പെടും. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം നടക്കുന്ന ഘടകകക്ഷി യോഗത്തില്‍ തങ്ങളുടെ ആവശ്യം ഉന്നയിക്കാനാണ് പാര്‍ട്ടിയുടെ നീക്കം.

മറുഭാഗത്ത്, മുസ്ലിം ലീഗും നിര്‍ണ്ണായകമായ ആലോചനകളിലാണ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ഇന്ന് രാത്രിയോടെ ലീഗ് നേതാക്കളുടെ യോഗം ചേരും. പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള പ്രമുഖ നേതാക്കള്‍ രാത്രിയോടെ തിരുവനന്തപുരത്ത് എത്തും. മുഖ്യമന്ത്രിയുടെ പേര് ഔദ്യോഗികമായി പുറത്തുവന്നതിന് ശേഷമാകും ലീഗ് തങ്ങളുടെ തുടര്‍നടപടികള്‍ തീരുമാനിക്കുക. ആര്‍എസ്പി ഉള്‍പ്പെടെയുള്ള മറ്റ് ഘടകകക്ഷി നേതാക്കളോടും തലസ്ഥാനത്ത് എത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

അതേസമയം കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്നറിയാം. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തിന് ശേഷമാകും പ്രഖ്യാപനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തീരുമാനം മുദ്രവച്ച കവറില്‍ ദീപ ദാസ്മുന്‍ഷിക്ക് കൈമാറാനാണ് സാധ്യത. യോഗത്തിന് മുന്‍പ് തുടര്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യതകളും അടയുന്നു. ഘടകകക്ഷി എംഎല്‍എമാരോടും തിരുവനന്തപുരത്തേക്ക് എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment