ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ ഇന്ന് തന്നെ പ്രഖ്യാപിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും, കൂടുതല്‍ വ്യക്തത വേണമെന്ന നിലപാടില്‍ നേതൃത്വം എത്തിയാല്‍ നിലവില്‍ നടക്കുന്നത് തന്നെയാണ് ഉചിതമായ നടപടിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അസാധാരണ സാഹചര്യത്തില്‍ നിന്ന് സാധാരണ നിലയിലേക്ക് എത്തിക്കുകയെന്നത് നേതൃത്വത്തിന്റെ ഉത്തരവാദിത്വമാണെന്നും, അതിനായുള്ള പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വലിയ ജനപിന്തുണയോടെ തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷ സാധാരണയായി ഉയരും. എന്നാല്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതുവരെ അങ്ങനെ വേഗത്തില്‍ തീരുമാനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ നടപടിക്രമങ്ങള്‍ കൃത്യമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും, അവ പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കേണ്ടതുണ്ടെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
കൂടുതല്‍ വ്യക്തത ആവശ്യമാണെന്ന് നേതൃത്വം കരുതുന്നുവെങ്കില്‍ ഇപ്പോള്‍ നടക്കുന്ന നടപടികളാണ് ശരിയായ വഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംഎല്‍എമാരുടെ പിന്തുണ നിര്‍ണായക ഘടകമാണെന്നും, അതോടൊപ്പം തന്നെ നേതാക്കളുടെ അഭിപ്രായം തേടുന്നതും അത്യന്തം പ്രധാനമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment