Saturday, July 18, 2026
Kerala News

ബുധനാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ബുധനാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിലും മന്നാര്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. ഇതിന്റെ ഭാഗമായി മെയ് 11-ഓടെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കടലില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് ആയിരിക്കും. ബുധനാഴ്ച എറണാകുളം മുതല്‍ കണ്ണൂര്‍ വരെയുള്ള ആറ് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിലും തീരദേശങ്ങളിലും താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment