Saturday, July 18, 2026
Kerala News

വി.ഡി. സതീശന്‍ അനുകൂല പ്രകടനം: ഇടുക്കിയില്‍ നാല് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ സസ്‌പെന്‍ഷനില്‍

വി.ഡി. സതീശന്‍ അനുകൂല പ്രകടനം: ഇടുക്കിയില്‍ നാല് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ സസ്‌പെന്‍ഷനില്‍


ഇടുക്കി: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, വി.ഡി. സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയ നാല് പ്രാദേശിക നേതാക്കളെ പാര്‍ട്ടി പദവികളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡിസിസി). ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങള്‍ ലംഘിച്ച് പരസ്യമായി പ്രകടനം നടത്തിയതിനാണ് നടപടി.

ഇന്നലെ തൊടുപുഴയില്‍ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ആഹ്വാനം ചെയ്ത് വി.ഡി. സതീശനെ പിന്തുണച്ച് ഒരു വിഭാഗം പ്രകടനം നടത്തിയിരുന്നു. സംഭവത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി നിഷ സോമന്‍ ഡിസിസി വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് നടപടി വേഗത്തിലായത്.

ഡിസിസി ജനറല്‍ സെക്രട്ടറി വി.ഇ. താജുദ്ദീന്‍, വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് രാജേഷ് ബാബു, കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി, തൊടുപുഴ ബ്ലോക്ക് സെക്രട്ടറി റോബിന്‍ മൈലാടി എന്നിവരെയാണ് പദവികളില്‍ നിന്ന് നീക്കം ചെയ്തത്. സംഘടനാവിരുദ്ധ പ്രവര്‍ത്തനമാണ് നടപടിക്ക് കാരണമെന്നാണ് ഡിസിസിയുടെ വിശദീകരണം.

ഇതിനിടെ, നടപടി ഉണ്ടായിട്ടും നേതാക്കളെ പിന്തുണച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തുന്ന പ്രവണത ജില്ലയില്‍ തുടരുന്നു. അടിമാലി, മാങ്കുളം, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളില്‍ രമേശ് ചെന്നിത്തലയെ അഭിനന്ദിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment