തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അധികാരമാണെന്നും അതില്‍ സമുദായ സംഘടനകള്‍ക്ക് പങ്കില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ആരാകണമെന്ന് കോണ്‍ഗ്രസ് തന്നെ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി ഡി സതീശന്‍ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും അദ്ദേഹം വിലയിരുത്തി. രമേശ് ചെന്നിത്തലയ്ക്ക് മികച്ച ഭരണപരിചയമുണ്ടെന്നും വിവാദങ്ങളില്‍ പെടാത്ത നേതാവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കെ സി വേണുഗോപാലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, രാജ്യതലത്തില്‍ തന്നെ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന നേതാവാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഡല്‍ഹിയില്‍ ഇരുന്നാലും കേരളം ഭരിക്കാന്‍ കഴിവുള്ള വ്യക്തിയാണ് കെ സി വേണുഗോപാല്‍ എന്നും പറഞ്ഞു. യുഡിഎഫിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച നേതാവാണ് അദ്ദേഹം എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കെ സി വേണുഗോപാല്‍ കേരളത്തിലേക്ക് തിരിച്ചു വന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമോയെന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച വെള്ളാപ്പള്ളി, അത്തരമൊരു സാഹചര്യം ഉണ്ടായാലും ഉപതിരഞ്ഞെടുപ്പ് നേരിടുന്നത് വലിയ പ്രശ്‌നമല്ലെന്നും വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment