Saturday, July 18, 2026
Kerala News

ആഗ്രഹവും പ്രതീക്ഷയും എല്‍ഡിഎഫ് വരണമെന്ന്, പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയാകണം: വെളളാപ്പളളി നടേശന്‍

ആഗ്രഹവും പ്രതീക്ഷയും എല്‍ഡിഎഫ് വരണമെന്ന്, പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയാകണം: വെളളാപ്പളളി നടേശന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരണമെന്നാണ് തന്റെ ആഗ്രഹവും പ്രതീക്ഷയുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും നേരിയ ഭൂരിപക്ഷത്തിനെങ്കിലും അവര്‍ അധികാരം നിലനിര്‍ത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ തുടര്‍ച്ചയായ പത്ത് വര്‍ഷത്തെ ഭരണം താഴെത്തട്ടിലുള്ള എല്‍ഡിഎഫ് അണികളെ ആലസ്യത്തിലാക്കിയിട്ടുണ്ടെന്നും ഇത്തവണ താഴെത്തട്ടില്‍ പ്രവര്‍ത്തനം അത്ര ശക്തമല്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. എല്‍ഡിഎഫ് വീണ്ടും വന്നാല്‍ പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് വെള്ളാപ്പള്ളി നടേശന്‍ ഉന്നയിച്ചത്. യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ കലഹം ഉറപ്പാണെന്നും അധികാരം കിട്ടുമെന്ന് തോന്നിയപ്പോള്‍ തന്നെ അവരുടെ അവസ്ഥ ഇതാണെന്നും അദ്ദേഹം പരിഹസിച്ചു. വി.ഡി. സതീശന്‍ മികച്ച രാഷ്ട്രീയ നേതാവാണെന്നും അദ്ദേഹവുമായി വ്യക്തിപരമായ വഴക്കുകള്‍ ഇല്ലെന്നും പറഞ്ഞ വെള്ളാപ്പള്ളി, സതീശന്‍ വനവാസത്തിന് പോകരുതെന്നും ആവശ്യപ്പെട്ടു. അതേസമയം, കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് പാണക്കാട് ആണെന്ന രീതിയിലുള്ള വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. വി.ഡി. സതീശന് മുസ്ലീം ലീഗ് പിന്തുണ നല്‍കിയ സംഭവത്തില്‍ പ്രതികരിക്കവെയായിരുന്നു ഈ പരാമര്‍ശം.

സംസ്ഥാനത്ത് ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്നും വെള്ളാപ്പള്ളി പ്രവചിച്ചു. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നത് തിരുത്തല്‍ ശക്തിയായി മാറാന്‍ സഹായിക്കുമെന്നും തിരുവനന്തപുരം ജില്ലയിലാകും അവരുടെ വിജയം ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധമായ കാര്യങ്ങളാണ് താന്‍ പറഞ്ഞതെന്നും ഇതില്‍ ആര്‍ക്കും പരിഭവം തോന്നേണ്ട കാര്യമില്ലെന്നും വ്യക്തമാക്കിയാണ് അദ്ദേഹം തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment