Saturday, July 18, 2026
Kerala News

രമേശ് ചെന്നിത്തല ഡല്‍ഹിയില്‍; ഖര്‍ഗെയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം

രമേശ് ചെന്നിത്തല ഡല്‍ഹിയില്‍; ഖര്‍ഗെയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം

ന്യൂഡല്‍ഹി:  കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും ചേരിതിരിവും രൂക്ഷമാകുന്നു. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഡിസിസി അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനമെന്ന് ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും, ഹൈക്കമാന്‍ഡ് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍.

എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്താന്‍ നീക്കം നടത്തുന്നുണ്ട്. രാഹുല്‍ ഗാന്ധി നിലവില്‍ ആന്‍ഡമാനിലായതിനാല്‍ അദ്ദേഹത്തെ നേരിട്ട് കാണാന്‍ സാധിക്കില്ലെങ്കിലും, മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് സജീവമാക്കാനാണ് ചെന്നിത്തലയുടെ ശ്രമം. ഇന്നലെ വൈകീട്ടാണ് അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചത്.

അതേസമയം, കേരളത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പ്രതിഷേധം പുകയുകയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി എന്ന പേരില്‍ എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ ഇതിന്റെ തെളിവാണ്. രമേശ് ചെന്നിത്തലയെ പോലുള്ള മുതിര്‍ന്ന നേതാക്കളെ താറടിച്ച് കാണിച്ചുകൊണ്ട് മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ നീക്കം അനുവദിക്കില്ലെന്നാണ് ബോര്‍ഡുകളിലെ പ്രധാന ആക്ഷേപം.


Related News

Comments

No comments yet. Be the first to comment!

Leave a Comment