Saturday, July 18, 2026
Kerala News

കേരളത്തില്‍ കടുത്ത ചൂട് തുടരുന്നു; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം

കേരളത്തില്‍ കടുത്ത ചൂട് തുടരുന്നു; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ സമാനമായ സാഹചര്യം തുടരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. രാവിലെ 11 മണിക്ക് ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം വരും ദിവസങ്ങളിലും ചൂട് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി വരെയും താപനില ഉയര്‍ന്നേക്കാം. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഈര്‍പ്പമുള്ള വായു കാരണം കടുത്ത അസ്വസ്ഥത അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സൂര്യാഘാതം, നിര്‍ജ്ജലീകരണം എന്നിവ ഒഴിവാക്കാന്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കി സെല്‍ഫ് ലോക്ക്ഡൗണ്‍ പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഈ കാലയളവില്‍ കുട്ടികളെയും പ്രായമായവരെയും പുറത്തിറക്കാന്‍ അനുവദിക്കരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്യാമ്പുകള്‍ക്കും അവധിക്കാല ക്ലാസുകള്‍ക്കും നിലവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.




Related News

Comments

No comments yet. Be the first to comment!

Leave a Comment