തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 2024ന് ശേഷം ആദ്യമായാണ് കേരളത്തില്‍ ഇത്തരമൊരു ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിക്കുന്നത്.
ഇന്ന് (23/04/2026) ഉച്ചയ്ക്ക് 12.30ന് ശേഷം കൊല്ലം, പാലക്കാട് ജില്ലകളില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം, മറ്റ് ജില്ലകളിലും ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സൈറണുകള്‍ മുഴങ്ങും.
സംസ്ഥാനത്തെ 12 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് തുടരുകയാണ്. ഈ മാസം 24 വരെ മുന്നറിയിപ്പ് നിലനില്‍ക്കും. അള്‍ട്രാവയലറ്റ് വികിരണ ഭീഷണിയും ഉയര്‍ന്ന നിലയിലാണ്.
പാലക്കാട് 41.1 ഡിഗ്രി സെല്‍ഷ്യസോടെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. കൊല്ലത്ത് 39.8 ഡിഗ്രിയും തൃശൂരില്‍ 39.3 ഡിഗ്രിയും താപനില രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പല ഭാഗങ്ങളിലും സാധാരണയെക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ കൂടുതലാണ് താപനില.
അതേസമയം, കന്യാകുമാരി മുതല്‍ തെലങ്കാന വരെ നീളുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വേനല്‍മഴ ലഭിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തില്‍ ചെറിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ടിന് താഴെയായി കുറഞ്ഞിരിക്കുകയാണ്
Comments
No comments yet. Be the first to comment!
Leave a Comment