Saturday, July 18, 2026
Kerala News

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഇന്‍സ്റ്റ പേ ലോണ്‍ ആപ്പിനെതിരെ കേസ്

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഇന്‍സ്റ്റ പേ ലോണ്‍ ആപ്പിനെതിരെ കേസ്

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റ് പേ എന്ന ലോണ്‍ ആപ്പിനെതിരെ ചക്കരക്കല്‍ പോലീസ് സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ജനുവരിയില്‍ 15,000 രൂപ വായ്പയെടുത്ത നിതിനെ, 36 ശതമാനം പലിശ ആവശ്യപ്പെട്ട് ആപ്പ് പ്രതിനിധികള്‍ നിരന്തരം ഭീഷണിപ്പെടുത്തിയതായും മാനസികമായി പീഡിപ്പിച്ചതായും എഫ്‌ഐആറില്‍ പറയുന്നു. നിതിന്റെ അധ്യാപികയുടെ ഫോണിലേക്ക് ഉള്‍പ്പെടെ ഭീഷണി സന്ദേശങ്ങള്‍ അയച്ച ലോണ്‍ ആപ്പ് മാഫിയ, ഭയപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതായാണ് പോലീസിന്റെ കണ്ടെത്തല്‍.

അതേസമയം, സംഭവത്തില്‍ കോളജ് അധികൃതരുടെ നിലപാടിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിതിന്റെ കുടുംബം രംഗത്തെത്തി. ലോണ്‍ ആപ്പിന്റെ ഭീഷണിയെക്കുറിച്ച് പ്രിന്‍സിപ്പല്‍ നിതിനെ വിളിച്ചുവരുത്തി സംസാരിച്ചിരുന്നതായും, ഇതിനുപിന്നാലെയാണ് മരണം സംഭവിച്ചതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍, സ്റ്റാഫ് റൂമില്‍ വെച്ച് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാന്‍ കോളജ് അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. വിഷയം വെറും ലോണ്‍ ആപ്പ് ഭീഷണിയിലേക്ക് മാത്രം ചുരുക്കിക്കെട്ടി കോളജിന്റെ ഉത്തരവാദിത്തം മറച്ചുവെക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും കുടുംബം കുറ്റപ്പെടുത്തി.

മുമ്പ് സൈബര്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ കൂടി പരിഗണിച്ചാണ് ചക്കരക്കല്‍ പോലീസ് ഇപ്പോള്‍ അന്വേഷണം വ്യാപിപ്പിക്കുന്നത്. ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണിയും കോളജിലെ അധ്യാപകരുടെ പെരുമാറ്റവും നിതിന്റെ മരണത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന കാര്യത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും.



Related News

Comments

No comments yet. Be the first to comment!

Leave a Comment