Saturday, July 25, 2026
International News

താരിഫ് വിരുദ്ധ പരസ്യത്തിലൂടെ കാനഡ വഞ്ചിച്ചു: ട്രംപ്

താരിഫ് വിരുദ്ധ പരസ്യത്തിലൂടെ കാനഡ വഞ്ചിച്ചു: ട്രംപ്

വാഷിങ്ടൺ : താരിഫ് വിരുദ്ധ പരസ്യം പുറത്തിറക്കി അമേരിക്കൻ ജനതയെ കാനഡ വഞ്ചിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒ​ന്റാരിയോ അടുത്തിടെ പുറത്തിറക്കിയ, മുൻ യുഎസ് പ്രസിഡന്റ് റൊണാൾഡ് റീഗൻ താരിഫുകളെ ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപി​ന്റെ വിമർശനം. രാജ്യസുരക്ഷയ്ക്ക് വേണ്ടി റീഗൻ താരിഫുകളെ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ, കാനഡയുടെ ഈ പരസ്യം സുപ്രീം കോടതി വിധിയിൽ പോലും നിയമവിരുദ്ധ സ്വാധീനം ചെലുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഈ വഞ്ചന തുറന്നുകാട്ടിയതിന് റൊണാൾഡ് റീഗൻ ഫൗണ്ടേഷന് നന്ദി പറഞ്ഞ ട്രംപ്, മേക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ ആഹ്വാനം ആവർത്തിക്കുകയും ചെയ്തു.

കാനഡ ദീർഘകാലമായി താരിഫ് വിഷയത്തിൽ ചതിക്കുകയാണെന്നും, യുഎസ് കർഷകരിൽ നിന്ന് 400% വരെ താരിഫ് ഈടാക്കുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു. എന്നാൽ ഇനി കാനഡയ്ക്കും മറ്റ് രാജ്യങ്ങൾക്കും യുഎസിനെ മുതലെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വഞ്ചനാപരമായ പെരുമാറ്റം കാരണം കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അവസാനിപ്പിക്കാൻ ട്രംപ് നേരത്തെ ഉത്തരവിട്ടിരുന്നു.

1987ൽ റീഗൻ റേഡിയോയിലൂടെ നടത്തിയ അഭിസംബോധന എഡിറ്റ് ചെയ്താണ് കാനഡ പരസ്യം തയ്യാറാക്കിയതെന്നും തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണ് ഇതെന്നുമുള്ള പ്രതികരണവുമായി ദ റൊണാൾഡ് റീഗൻ പ്രസിഡൻഷ്യൽ ഫൗണ്ടേഷൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ടും രംഗത്തെത്തിയിരുന്നു. എന്നാൽ, പരസ്യത്തിൽ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്ന വാക്കുകൾ ഏതാണെന്ന് ഫൗണ്ടേഷൻ വ്യക്തമാക്കിയില്ല. പരസ്യത്തിനെതിരെ നിയമ നടപടി ആലോചിക്കുകയാണെന്ന് ഫൗണ്ടേഷൻ അറിയിച്ചിട്ടുണ്ട്.

Related News

Comments

No comments yet. Be the first to comment!

Leave a Comment