Saturday, July 25, 2026
Kerala News

താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷം: സമരസമിതി പ്രവര്‍ത്തകരെ പ്രതിചേര്‍ത്തു

താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷം: സമരസമിതി പ്രവര്‍ത്തകരെ പ്രതിചേര്‍ത്തു

കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ വീണ്ടും കേസ്. സ്ഥാപനത്തിലെ ജീവനക്കാരന്‍ രാജിന്റെ പരാതിയില്‍ സമരസമിതി പ്രവര്‍ത്തകരായ 28 പേരെ പ്രതിചേര്‍ത്താണ് കേസെടുത്തത്. കമ്പി വടികളും മാരകായുധങ്ങളും ഉപയോഗിച്ച് ജീവനക്കാരെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് എഫ്ഐആര്‍. 

ഫ്രഷ് കട്ട് സമരത്തില്‍ 6 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ പ്രതി പട്ടികയില്‍ ഉള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് താമരശ്ശേരി പൊലീസ്. താമരശ്ശേരി കരിമ്പാലന്‍കുന്നിലെ വീട്ടുകളില്‍ പ്രതികളെ തിരഞ്ഞുള്ള അന്വേഷണത്തിന്റെ ഭാഗമായി വ്യാപക റെയ്ഡ് നടന്നു. ഇന്നലെ അര്‍ധരാത്രിയിലാണ് റെയ്ഡ് നടന്നത്. 

മൂന്നൂറിലധികം അധികം പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളിലായിരുന്നു കേസെടുത്തിരുന്നത്. സംഘര്‍ഷമുണ്ടാക്കിയതിലാണ് 321 പേര്‍ക്കെതിരെ കേസെടുത്തിരുന്നത്.

സംഘര്‍ഷത്തിന് പുറമെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് തീയിട്ട സംഭവത്തില്‍ 30 പേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. തൊഴിലാളികളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കണ്ടെയ്‌നര്‍ ലോറി തീവെച്ച് നശിപ്പിച്ചുവെന്നും മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. പ്ലാന്റും വാഹനങ്ങളും കത്തിനശിപ്പിച്ചതില്‍ ഫ്രഷ് കട്ടിന് അഞ്ച് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

ഇന്നലെ വൈകീട്ടാണ് കട്ടിപ്പാറയിലെ ഫ്രഷ് കട്ടിന്റെ അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നില്‍ സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്. അതേസമയം, സമരത്തില്‍ ബാഹ്യഇടപെടല്‍ ഉണ്ടായതായും എസ്ഡിപിഐ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി ആക്രമണം നടത്തി എന്നുമാണ് സിപിഐഎമ്മിന്റെ പ്രധാനപ്പെട്ട ആരോപണം. സംഘര്‍ഷത്തില്‍ ഗൂഢാലോചന നടന്നെന്നായിരുന്നു സ്ഥലം എംഎല്‍എ കൂടിയായ എം കെ മുനീറിന്റെ ആരോപണം. സമരം അക്രമാസക്തമാക്കാന്‍ ആരോ പ്രവര്‍ത്തിച്ചെന്ന് യുഡിഎഫും എസ്ഡിപിഐ ആണ് ആക്രമണത്തിന് പിന്നില്‍ എന്ന് എല്‍ഡിഎഫും ആരോപണം ഉന്നയിക്കുമ്പോള്‍ ഈ അക്രമ സംഭവം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment