കോഴിക്കോട്: സംസ്ഥാനത്തിന്റെ മുന്നേറ്റം പ്രതിപക്ഷം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നല്ല കാര്യങ്ങള്‍ക്ക് രാഷ്ട്രീയ ഭേദമന്യേ പിന്തുണ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കല്ലുത്താന്‍ കടവില്‍ പുതിയ മാര്‍ക്കറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരുപാട് നാടകങ്ങള്‍ കാണേണ്ട സാഹചര്യമാണുള്ളത്. പ്രതിഷേധക്കാരോടൊപ്പം നിന്നവരില്‍ ചിലര്‍ ഇപ്പോഴില്ല. എന്താണ് നല്ല കാര്യത്തെ അംഗീകരിക്കാത്തത്? ഇതിനു പിന്നില്‍ എന്താണ് ചേതോവികാരം? നാടിന് ഗുണം ചെയ്യുന്ന കാര്യം അംഗീകരിക്കേണ്ടതല്ലേ? മത്സരം തെരഞ്ഞെടുപ്പില്‍ മാത്രമാകണം, - മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വികസന പദ്ധതികളെ പിന്തുണയ്ക്കണമെന്നും, എന്നാല്‍ പ്രതിപക്ഷം എല്ലായിടത്തും എതിര്‍പ്പിന്റെ നിലപാട് തുടരുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷ എംപിയും കോണ്‍ഗ്രസും ലീഗും ഉള്‍പ്പെടെ ആരും പങ്കെടുത്തില്ല. എല്ലായിടത്തും എതിര്‍ക്കുകയാണോ പ്രതിപക്ഷം ചെയ്യുന്നത്? - അദ്ദേഹം ചോദിച്ചു.
കൊഴിക്കോട് പാളയം പച്ചക്കറി മാര്‍ക്കറ്റിനെ കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതിനെതിരെ ചില വ്യാപാരികള്‍ മുമ്പ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഉദ്ഘാടനത്തിന് മുന്നോടിയായി മാറ്റത്തിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷവും ഉണ്ടായിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment