ശബരിമല സ്വര്‍ണ കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. പോറ്റിയെ ശബരിമലയിലും ചെന്നൈയിലും ബംഗളൂരുവിലും ഹൈദരാബാദിലും ഉള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കേസില്‍ കൂടുതല്‍ അറസ്റ്റിനും സാധ്യത.
ശബരിമലയില്‍ നിന്നും കൊണ്ടുപോയ സ്വര്‍ണം എന്തു ചെയ്തു, സ്വര്‍ണ പാളികള്‍ കൊണ്ടുപോയതില്‍ ആരുടെയൊക്കെ സഹായമാണ് ലഭിച്ചത്, സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ പങ്ക് തുടങ്ങിയ വിവരങ്ങളാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും അന്വേഷണസംഘം ചോദിച്ചറിയുന്നത്. കേസിലെ പ്രതികളായ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ദേവസ്വംബോര്‍ഡിലെ ഉദ്യോഗസ്ഥരായിരുന്ന 9 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരെയും എസ്‌ഐടി ചോദ്യം ചെയ്യും. സ്വര്‍ണ പാളികള്‍ കൊണ്ടുപോയതില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് പോറ്റി മൊഴി നല്‍കിയിരുന്നു.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ വ്യാഴാഴ്ചയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച റാന്നി കോടതിയില്‍ ഹാജരാക്കിയ ഉണ്ണികൃഷ്ണന്‍ പോറ്റിയെ 30 വരെ കസ്റ്റഡിയില്‍ വിട്ടിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment