എയിംസുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിയില്‍ തര്‍ക്കം. എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെതിരെ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ സംസ്ഥാന ജന.സെക്രട്ടറി അനൂപ് ആന്റണിയാണ് ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയത്.
സുരേഷ് ഗോപിയുടെ നിലപാടുകള്‍ക്കെതിരെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെടുമെന്നാണ് വിവരം. അടുത്ത ആഴ്ചയായിരിക്കും ഈ കൂടിക്കാഴ്ച. ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നതിനായി ഈ മാസം 27ന് കൊല്ലത്തെത്തുന്ന ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ പി നദ്ദ എയിംസ് വിഷയത്തില്‍ അന്തിമ നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ എയിംസ് കോഴിക്കോട് സ്ഥാപിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി കിനാലൂരില്‍ 200 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഈ ആവശ്യം പരിഗണിക്കപ്പെടാനാണ് സാധ്യത.
Comments
No comments yet. Be the first to comment!
Leave a Comment