Sunday, July 26, 2026
Kerala News

ഇന്‍വോയ്സ് ഇല്ലാതെ ലക്ഷങ്ങള്‍ കൈപറ്റി; മാസപ്പടിക്കേസില്‍ ടി.വീണക്കെതിരെ കൂടുതല്‍ തെളിവുകളുമായി ഇ.ഡി

ഇന്‍വോയ്സ് ഇല്ലാതെ ലക്ഷങ്ങള്‍ കൈപറ്റി; മാസപ്പടിക്കേസില്‍ ടി.വീണക്കെതിരെ കൂടുതല്‍ തെളിവുകളുമായി ഇ.ഡി

തിരുവനന്തപുരം: മാസപ്പടിക്കേസില്‍ ടി.വീണക്കെതിരെ കൂടുതല്‍ തെളിവുകളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്‍വോയ്സ് ഇല്ലാതെ വീണ ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍.  അഡ്ജൂഡിക്കറ്റിങ് അതോറിറ്റിക്ക് സമര്‍പ്പിച്ച ഇ.ഡി റിപ്പോര്‍ട്ടിലാണ് സി.എം.ആര്‍.എല്‍ (സിഎംആര്‍എല്‍) തലവന്‍ ശശിധരന്‍ കര്‍ത്തയും വീണയും തമ്മില്‍ ഇന്‍വോയ്‌സുകള്‍ നിര്‍മിക്കുന്നതിലും വ്യാജ സാമ്പത്തിക ഇടപാടുകളിലുമാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്ന കണ്ടെത്തല്‍ ഉള്ളത്.

സി.എം.ആര്‍.എല്‍ കമ്പനിയില്‍ നിന്ന് ട്രാന്‍സ്‌പോര്‍ട്ടര്‍മാരെ മറയാക്കി വന്‍തോതില്‍ പണം തട്ടിയെടുക്കുന്ന രീതിയും അന്വേഷണത്തില്‍ പുറത്തുവന്നിട്ടുണ്ട്. ചരക്കുനീക്കത്തിനായി ട്രാന്‍സ്പോര്‍ട്ടര്‍മാര്‍ക്ക് 7 ശതമാനം കമ്മീഷന്‍ നല്‍കി പണം തട്ടുകയായിരുന്നു കമ്പനിയുടെ രീതി. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കരാറുണ്ടാക്കി പണം കമ്പനിയില്‍ നിന്ന് ട്രാന്‍സ്‌പോര്‍ട്ടര്‍മാരുടെ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം, ഈ പണം പിന്‍വലിച്ച് സി.എം.ആര്‍.എല്‍ ഉദ്യോഗസ്ഥര്‍ക്ക് തന്നെ തിരികെ നല്‍കുന്ന രീതിയാണ് പിന്തുടര്‍ന്നിരുന്നത്. ഇതിനായുള്ള പ്രതിഫലമായാണ് ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ക്ക് കമ്മീഷന്‍ നല്‍കിയിരുന്നത്. 

ഇത്തരത്തില്‍ 100 കോടി രൂപയിലധികം വരുന്ന വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ നിഗമനം.  ഇതിനുപുറമെ, സേവനങ്ങള്‍ നല്‍കിയതിനുള്ള ബില്ലുകള്‍ ഔദ്യോഗികമായി തയ്യാറാക്കുന്നതിന് മുന്‍പ് തന്നെ എക്‌സാലോജിക് കമ്പനിക്കായി തുക വകയിരുത്തി അനുവദിച്ചു നല്‍കിയിരുന്നതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. കേസില്‍ നിര്‍ണായക തെളിവുകള്‍ ശേഖരിക്കുന്നതിനായി ഇ-മെയില്‍ ആശയവിനിമയങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കാന്‍ പിടിച്ചെടുത്ത ഐഫോണിന് പുറമെ വീണയുടേതായി നിര്‍ണായക വിവരങ്ങളുള്ള ചുവന്ന പുറംചട്ടയുള്ള ഡയറിയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. വീണയില്‍ നിന്ന് പിടിച്ചെടുത്ത ഈ രേഖകളും ഡയറിയും സാമ്പത്തിക ഇടപാടുകളുടെ നിഗൂഢത പുറത്തെത്തിക്കുന്നതില്‍ നിര്‍ണായകമാണെന്ന് ഇ.ഡി വ്യക്തമാക്കി.






Related News

Comments

No comments yet. Be the first to comment!

Leave a Comment