Monday, July 27, 2026
India News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരായി ആരോപണം; രാഹുലിന് പിന്തുണയുമായി ശശി തരൂര്‍

 തിരഞ്ഞെടുപ്പ് കമ്മീഷനെതിരായി ആരോപണം; രാഹുലിന് പിന്തുണയുമായി ശശി തരൂര്‍


തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ഉന്നയിച്ച ക്രമക്കേട് ആരോപണങ്ങളില്‍ പിന്തുണയുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്ത്. രാഹുല്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഗൗരവമുള്ളതും മുഖവിലയ്‌ക്കെടുക്കേണ്ടതുമായവയാണെന്ന് തരൂര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്സ്ല്‍ കുറിച്ചു. നമ്മുടെ ജനാധിപത്യ സംവിധാനം മഹത്തരമാണ്, അതിനെ നശിപ്പിക്കാന്‍ അനുവദിക്കരുത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു തരൂരിന്റെ പ്രതികരണം. അടുത്തിടെ മോദി അനുകൂല പരാമര്‍ശങ്ങള്‍ നടത്തിയ തരൂര്‍, ഇത്തവണ രാഹുലിനെ തുറന്നുപിന്തുണച്ചത് വലിയ ശ്രദ്ധ നേടി.

വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് സംവിധാനത്തെയും കുറിച്ച് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. രാജ്യത്ത് വോട്ട് മോഷണം നടക്കുന്നതായും ഹരിയാന തിരഞ്ഞെടുപ്പ് അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ മഹാദേവപുര മണ്ഡലത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വോട്ടര്‍ പട്ടിക രേഖകളും രാഹുല്‍ പുറത്തുവിട്ടു.

മഹാരാഷ്ട്രയില്‍ അഞ്ച് വര്‍ഷം കൊണ്ടു ചേര്‍ത്തതിലും കൂടുതല്‍ വോട്ടുകള്‍ അഞ്ച് മാസത്തിനുള്ളില്‍ ചേര്‍ത്തു. ഹരിയാനയിലും കര്‍ണാടകയിലും തെരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയതിലും സംശയമുണ്ട്. മഹാരാഷ്ട്രയില്‍ വൈകിട്ട് 5 മണിക്ക് ശേഷം പോളിംഗ് നിരക്ക് കുത്തനെ ഉയര്‍ന്നു. 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ എത്തി. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവുകള്‍ 45 ദിവസത്തിനകം നശിപ്പിച്ചു,എന്ന് രാഹുല്‍ ആരോപിച്ചു.




Related News

Comments

No comments yet. Be the first to comment!

Leave a Comment