Tuesday, July 28, 2026
Kerala News

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റ്: നിരപരാധികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

 ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റ്: നിരപരാധികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍


ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുകയും കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരികയും ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ പ്രതികരിച്ച അദ്ദേഹം, നിരപരാധികളെ വേട്ടയാടാന്‍ അനുവാദം നല്‍കാനാകില്ലെന്നും അവരെ നിയമപരമായി സംരക്ഷിക്കണമെന്നും വ്യക്തമാക്കി.

ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവം അറിഞ്ഞപ്പോള്‍ തന്നെ അടിയന്തരമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി നിരപരാധികളെ സംരക്ഷിക്കുകയും കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ഛത്തീസ്ഗഢ് സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നതരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നത് വസ്തുതകള്‍ സഹിതം പുറത്തുവരണം, നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിരപരാധികളായ ആരും ശിക്ഷിക്കപ്പെടില്ല എന്ന ഉറപ്പ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. വിഷയത്തില്‍ അതീവ ഗൗരവത്തോടെ കേന്ദ്രസര്‍ക്കാരും ഇടപെട്ടിട്ടുണ്ട്. സംഭവത്തില്‍ നിരപരാധികള്‍ക്ക് നിയമ സംവിധാനങ്ങളുടെ എല്ലാ സംരക്ഷണവും നീതിയും ഉറപ്പുവരുത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment