Wednesday, July 29, 2026
Kerala News

ഭാരതാംബയുടെ ചിത്രം വേദിയില്‍ നിന്ന് ഒഴിവാക്കില്ല: ഗവര്‍ണര്‍

ഭാരതാംബയുടെ ചിത്രം വേദിയില്‍ നിന്ന് ഒഴിവാക്കില്ല: ഗവര്‍ണര്‍

തിരുവനന്തപുരം: രാജ്ഭവനിലെ പുതിയ ഭാരതാംബ വിവാദത്തില്‍ വിട്ടുവീഴ്ചയില്ലെന്ന സൂചനയുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഭാരതാംബയുടെ ചിത്രം വേദിയില്‍ നിന്ന് ഒഴിവാക്കില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്നും പരിപാടി ബഹിഷ്‌കരിച്ച മന്ത്രി വി ശിവന്‍കുട്ടി പ്രോട്ടോക്കോള്‍ ലംഘിച്ചെന്നുമുള്ള രാജ്ഭവന്‍ വിശദീകരണത്തിന് പിന്നാലെയാണ് ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ പരിപാടിയല്ല, അതുകൊണ്ടാണ് വിളക്ക് തെളിയിച്ച് ഉദ്ഘാടനം നടത്തിയതെന്നും രാജ്ഭവന്‍ വിശദീകരിച്ചിരുന്നു. ഉദ്ഘാടനവും പുഷ്പാര്‍ച്ചനയും കഴിഞ്ഞതിനുശേഷമാണ് മന്ത്രി എത്തിയതെന്നും അതിനുശേഷം പരിപാടി ബഹിഷ്‌കരിക്കുന്നു എന്ന് മൈക്കില്‍ പറയുകയായിരുന്നു എന്നുമാണ് രാജ്ഭവന്‍ വിശദീകരണം നല്‍കിയത്. 

അതേസമയം മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ ശേഷമാണ് താന്‍ രാജ്ഭവനിലേക്കെത്തിയത് എന്നും അപ്പോള്‍ ഭാരതാംബയുടെ ഫോട്ടോയില്‍ പൂവിട്ട് പൂജിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നു എന്നുമാണ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. തുടര്‍ന്ന് അധ്യക്ഷ പ്രസംഗം നടത്തുമ്പോള്‍ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ മന്ത്രി അതൃപ്തി പരസ്യമാക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രി പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.



Related News

Comments

No comments yet. Be the first to comment!

Leave a Comment