അഹമ്മദാബാദില്‍ വിമാനാപകടത്തില്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് കേട്പാട് സംഭവിച്ചത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വലിയ വെല്ലുവിളിയായി മാറുന്നു. അപകടത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ ഫ്ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറിലാണ് സാരമായ കേടുപാട് സംഭവിച്ചത്.
ഡല്‍ഹിയിലെ ലബോറട്ടറിയിലൂടെ ഈ വിവരങ്ങള്‍ വീണ്ടെടുക്കാനാകില്ലെന്നതിന്റെ പശ്ചാത്തലത്തിലാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (AAIB) അമേരിക്കയുടെ സഹായം തേടാന്‍ തീരുമാനിച്ചത്. വാഷിംഗ്ടണിലെ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് (NTSB) ലബോറട്ടറിയിലേക്കാണ് ബ്ലാക്ക് ബോക്സ് അയയ്ക്കുന്നത്. ഈ വിഷയത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) ഉടന്‍ അന്തിമ തീരുമാനം എടുക്കാനാണ് സാധ്യത.
അതേസമയം, അപകടത്തില്‍ മരിച്ചവരില്‍ രണ്ട് പേരുടെ ഡിഎന്‍എ ഫലങ്ങള്‍ കൂടി ലഭിച്ചതോടെ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം 210 ആയി. ഇതില്‍ 187 മൃതദേഹങ്ങള്‍ ഇതിനകം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം അപകടത്തില്‍ 274 പേരാണ് മരിച്ചത്. കേരളത്തില്‍ നിന്നുള്ള രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment