Wednesday, July 29, 2026
Kerala News

രാജ്ഭവനിലെ പരിപാടിയില്‍ വീണ്ടും ഭാരതാംബ ചിത്രം; പ്രതിഷേധിച്ച് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയി

രാജ്ഭവനിലെ പരിപാടിയില്‍ വീണ്ടും ഭാരതാംബ ചിത്രം; പ്രതിഷേധിച്ച് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയി

തിരുവനന്തപുരം: രാജ്ഭവനില്‍ വീണ്ടും ഭാരതാംബ വിവാദം. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് പരിപാടിയില്‍ ഭാരതാംബ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ചാണ് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത്. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് രാജ്പുരസ്‌കാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ആയിരുന്നു ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വെച്ചാല്‍ പോലും അന്തസ്സുണ്ടായിരുന്നുവെന്ന് പറഞ്ഞാണ് മന്ത്രി പരിപാടി ബഹിഷ്‌കരിച്ചത്. 

ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാല്‍ മന്ത്രി എത്തിയപ്പോള്‍ വേദിയില്‍ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ ശേഷമാണ് താന്‍ രാജ്ഭവനിലേക്കെത്തിയത് എന്നും ആ സമയം ഭാരതാംബയുടെ ഫോട്ടോയില്‍ പൂവിട്ട് പൂജിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നു എന്നും ശിവന്‍കുട്ടി പ്രതികരിച്ചു. 

തുടര്‍ന്ന് അധ്യക്ഷ പ്രസംഗം നടത്തുമ്പോള്‍ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ ഗവര്‍ണര്‍ ഇരിക്കെത്തന്നെ മന്ത്രി അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. എന്റെ രാജ്യം ഇന്ത്യ ആണ്. ഭരണഘടന ആണ് രാജ്യത്തിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്ര സങ്കല്പവും അതിന് മുകളില്‍ അല്ലെന്ന് പറഞ്ഞ് മന്ത്രി ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. സര്‍ക്കാര്‍ ഔദ്യോഗിക പരിപാടിയില്‍ ഭാരതാംബചിത്രം എന്തിനാണെന്ന് മന്ത്രി ചോദിച്ചു. ഭാരതാംബ വിഷയത്തില്‍ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. സര്‍ക്കാരിന് ശക്തമായ പ്രതിഷേധമുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വെച്ചാല്‍ പോലും അന്തസ്സുണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ കാണിക്കുന്നത് അഹങ്കാരവും ധിക്കാരവുമാണെന്ന് മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ഇങ്ങനെയാണെങ്കില്‍ വിളിക്കുന്ന പരിപാടി എല്ലാം ഭാരതാംബയുടെ ചിത്രവുമായി ഗവര്‍ണര്‍ എത്തുമോയെന്ന് മന്ത്രി ചോദിച്ചു. ഇതൊന്നും കേരളത്തില്‍ നടപ്പാക്കാന്‍ പറ്റില്ല. ഗവര്‍ണറുടെ ഏറ്റവും വിലകുറഞ്ഞ നിലപാടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.



Related News

Comments

No comments yet. Be the first to comment!

Leave a Comment