Wednesday, July 29, 2026
International News

ഇറാനില്‍ ഇസ്രയേലിന്റെ വന്‍ ആക്രമണം; സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു

ഇറാനില്‍ ഇസ്രയേലിന്റെ വന്‍ ആക്രമണം; സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു

ടെഹ്‌റാന്‍:  ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. അഞ്ച് സ്ഥലങ്ങളില്‍ സ്‌ഫോടനം നടന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രയേല്‍ വ്യക്തമാക്കി. ഇസ്രയേലില്‍ രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേര് നല്‍കിയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ഉടന്‍ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഇറാന്റെ സൈനിക തലവന്‍മാരെ ലക്ഷ്യമിട്ടതായും ഇസ്രയേല്‍ വ്യക്തമാക്കി.ഇറാന്‍ സൈനിക കമാന്‍ഡര്‍മാര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റ് തകര്‍ന്നു. ഇറാനിയന്‍ റെവല്യൂഷ്ണറി ഗാര്‍ഡിന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കാനാണ് ആക്രമണമെന്ന് ഇസ്രയേല്‍. ഇറാനിലെ മുന്‍നിര ആണവ ശാസ്ത്രജ്ഞരെ തങ്ങള്‍ ലക്ഷ്യം വച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുടെ ഹൃദയം തകര്‍ത്തതായും ഇസ്രയേല്‍ പ്രധാനമന്ത്രി വ്യക്തമാക്കി. 

ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തെത്തുടര്‍ന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇറാന്റെ പ്രത്യാക്രമണം പ്രതീക്ഷിക്കുന്നതായി കാറ്റ്സ് മുന്നറിയിപ്പ് നല്‍കി. ഇസ്രയേലുമായുള്ള സംഘര്‍ഷം വര്‍ധിച്ചതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം പൂര്‍ണ്ണ ജാഗ്രതയിലാണെന്ന് ഇറാന്റെ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.



Related News

Comments

No comments yet. Be the first to comment!

Leave a Comment