കൊച്ചി പുറംകടലില്‍ അപകടത്തില്‍പ്പെട്ട ലൈബീരിയന്‍ കപ്പല്‍ കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം. എണ്ണച്ചോര്‍ച്ച 48 മണിക്കൂറിനുള്ളില്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എസി കമ്പനിക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കി. അവശിഷ്ടങ്ങള്‍ മാറ്റുന്ന നടപടിക്രമങ്ങളില്‍ എംഎസ്സി കമ്പനി ഗുരുതര വീഴ്ച വരുത്തിയതായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം ചൂണ്ടിക്കാട്ടി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ കമ്പനി കാലതാമസം വരുത്തിയെന്നും മന്ത്രാലയം പറഞ്ഞു.
അതിനിടെ എംഎസ് സി എല്‍സ കപ്പലിലെ ആദ്യ ഇന്ധന ചോര്‍ച്ച അടച്ചു. 12 പേര്‍ കൂടി ഇന്ന് സംഘത്തില്‍ ചേരും. ഇന്ധന ടാങ്ക് 22 ലെ സൗണ്ടിങ് പൈപ്പിലെ ചോര്‍ച്ചയാണ് അടച്ചത്. കേരള തീരത്ത് മുങ്ങിയ കപ്പല്‍ കമ്പനിക്ക് എതിരെ കേസിനില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. നഷ്ട പരിഹാരം മതിയെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്ടര്‍ ജനറലുമായുള്ള കൂട്ടിക്കാഴ്ചയിലാണ് തീരുമാനമെടുത്തത്.
കഴിഞ്ഞ മാസം 24നായിരുന്നു കൊച്ചി പുറംകടലില്‍ ലൈബീരിയന്‍ കപ്പലായ എംഎസ്സി എല്‍സ 3 അപകടത്തില്‍പ്പെട്ടത്. കപ്പല്‍ അപകടം ഇന്ത്യന്‍ തീരത്തെയും സമുദ്ര ആവാസ വ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കിയതായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം പറഞ്ഞു. അടിയന്തര നടപടിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
കോഴിക്കോട് പുറംകടലില്‍ കപ്പലിന് തീപിടിച്ച സംഭവത്തിലും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം നിലപാട് കടുപ്പിച്ചു. മതിയായ ഉപകരണങ്ങളും സംവിധാനങ്ങളും ഉടന്‍ എത്തിക്കണമെന്ന് വാന്‍ ഹായ് കമ്പനിക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. സാല്‍വേജ് നടപടിക്രമങ്ങള്‍ വൈകിച്ചാല്‍ ക്രിമിനല്‍ നടപടിയുണ്ടാകുമെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment