മലപ്പുറം: വേതനവര്‍ധനവടക്കമുളള ആവശ്യം ഉന്നയിച്ച് സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാര്‍ ഇന്ന് നിലമ്പൂരിലെത്തും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് ഏഴു ദിവസങ്ങള്‍ മാത്രം ശേഷിക്കെ സര്‍ക്കാരിനെതിരെ പ്രചാരണവുമായാണ് ആശമാര്‍ ഇന്ന് മണ്ഡലത്തിലെത്തുക. ചന്തക്കുന്നില്‍ നിന്ന് നിലമ്പൂര്‍ ടൗണിലേക്ക് പ്രകടനം നടത്തും.
ആശ സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിയാകും പ്രചാരണം. ആശാ വര്‍ക്കേഴ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനിയുടെ നേതൃത്വത്തിലായിരിക്കും പ്രചാരണം നടത്തുക. ഓണറേറിയം വര്‍ധന, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശമാരുടെ സമരം. ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതിനെ സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചുണ്ട്. മൂന്നുമാസം കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പകരം ഒരുമാസം കൊണ്ട് പഠനം പൂര്‍ത്തിയാക്കാന്‍ ആശമാര്‍ ആവശ്യം ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല. ചര്‍ച്ച കഴിഞ്ഞ് ഒരു മാസത്തിനുശേഷമാണ് സമിതിയെ പോലും നിയോഗിച്ചത്.
അതേസമയം മുന്നണികളുടെ പ്രധാന നേതാക്കള്‍ എല്ലാം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആര്യാടന്‍ ഷൗക്കത്തിനായി വോട്ട് ചോദിച്ച് ഇന്നെത്തും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ മണ്ഡലത്തിലുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment