Wednesday, July 29, 2026
International News

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കൈവിലങ്ങണിയിച്ച സംഭവം: വ്യാപക പ്രതിഷേധം

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കൈവിലങ്ങണിയിച്ച സംഭവം:  വ്യാപക പ്രതിഷേധം

വാഷിങ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയിലെ വിമാനത്താവളത്തില്‍ പൊലീസുകാര്‍ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനം. വിമാനത്തില്‍ കയറേണ്ടിയിരുന്ന വിദ്യാര്‍ത്ഥിയെ നിലത്ത് തള്ളിയിട്ട് വിലങ്ങ് വയ്ക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. സോഷ്യല്‍ മീഡിയയില്‍ പലരും ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഇടപെടല്‍ ആവശ്യപ്പെടുന്നു. 

അതേസമയം കാഴ്ച വേദനാജനകവും അപമാനകരവുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. അമേരിക്കയിലെ ഇന്ത്യക്കാരുടെ സുരക്ഷയും അന്തസും ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സാമൂഹ്യപ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംഭവം വിവാദമായതോടെ ന്യൂയോര്‍ക്കിലെ കോണ്‍സുലേറ്റ് ജനറല്‍ പ്രതികരണവുമായി രംഗത്തെത്തി. പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമത്തിനായി കോണ്‍സുലേറ്റ് പ്രതിജ്ഞാബദ്ധമാണെന്നും കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു.

ഞായറാഴ്ചയാണ് ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ ദൃശ്യങ്ങള്‍ സംരംഭകന്‍ കുനാല്‍ ജെയിന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നടപടിയെ മനുഷ്യത്വരഹിതം എന്ന് ദൃശ്യങ്ങള്‍ എക്‌സില്‍ പങ്കുവെച്ചുകൊണ്ട് ജെയിന്‍ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൈയില്‍ വിലങ്ങണിയിച്ച് ബലമായി നിലത്ത് കിടത്തിയെന്നും ഒരു മൃഗത്തോട് എന്നപോലെയാണ് പെരുമാറിയതെന്നുമാണ് കുനാല്‍ ജെയിന്‍ വിഡിയോയ്ക്കൊപ്പം കുറിച്ചത്. പോര്‍ട്ട് അതോറിറ്റി പൊലീസാണ് ഇന്ത്യക്കാരനോട് മോശമായി പെരുമാറിയത്. വിദ്യാര്‍ഥി ഒരു തെറ്റും ചെയ്യാതെയാണ് പൊലീസ് ഈ അതിക്രമം കാണിച്ചതെന്ന് കുനാല്‍ ജെയിന്‍ ആരോപിക്കുന്നു. താന്‍ ഈ സംഭവത്തിന് ദൃക്സാക്ഷിയാണെന്നും ഇന്ത്യന്‍ വിദ്യാര്‍ഥി കരയുന്നത് കണ്ട് നിസ്സഹായനായി നില്‍ക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment