മലപ്പുറം: വഴിക്കടവില്‍ പന്നിക്കെടിയില്‍ നിന്നും ഷോക്കേറ്റ് പത്താംക്ലാസ് വിദ്യാര്‍ത്ഥി അനന്തു മരിച്ച സംഭവം രാഷ്ട്രീയവത്കരിക്കരുതെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. രാഷ്ട്രീയ ഗൂഢാലോചന ആരോപണം അപകടത്തിന്റെ പേരില്‍ അല്ല എന്നാണ് മനസ്സിലാക്കുന്നതെന്ന് എം സ്വരാജ് പറഞ്ഞു. എന്തെങ്കിലും നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമോ എന്ന് നീക്കങ്ങളിലാണ് രാഷ്ട്രീയ ഗൂഢാലോചന നടന്നത്. കൂടുതല്‍ എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടെങ്കില്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരട്ടെ. ഇത്തരം ദുരന്തങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നില്‍ക്കാന്‍ ശ്രമിക്കണമെന്ന് എം സ്വരാജ് പറഞ്ഞു.
വീണ്ടുവിചാരമില്ലാതെ ആരെങ്കിലും അങ്ങനെ ചെയ്‌തെങ്കില്‍ നേതാക്കന്മാര്‍ ഇടപെട്ട് പരിഹരിക്കേണ്ടതാണെന്ന് എം സ്വരാജ് പറഞ്ഞു. എല്‍ഡിഎഫ് ഭരിക്കുമ്പോഴും യുഡിഎഫ് ഭരിക്കുമ്പോഴും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുന്‍പ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഇതുപോലെ മരിച്ചപ്പോള്‍ എന്തു പ്രതിഷേധമാണ് ഉണ്ടായത്. നേതാക്കള്‍ പോലും വീട്ടിലേക്ക് പോയില്ല. പഞ്ചായത്തിന് കാര്യത്തില്‍ കൃത്യമായ ഉത്തരവാദിത്തമുണ്ട്. വി എം സുധീരന്‍ പറഞ്ഞതിനോട് പൂര്‍ണ്ണ യോജിപ്പെന്ന് എം സ്വരാജ് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം വഴിക്കടവ് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് എല്‍ ഡി എഫും കെ എസ് ഇ ബി ഓഫീസിലേക്ക് യു ഡി എഫും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. രാവിലെ 10 മണിക്കാണ് ഇരു മാര്‍ച്ചുകളും നടക്കുക. മരിച്ച അനന്തുവിന്റെ വീട് ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സന്ദര്‍ശിക്കും. പന്നികളെ പിടികൂടുന്നതില്‍ യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിന് വീഴ്ചയുണ്ടെന്നാണ് എല്‍ഡിഎഫ് ആരോപണം. 15 കാരന്‍ ഷോക്കേറ്റ് മരിച്ചതില്‍ കെഎസ്ഇബിയ്ക്ക് അനാസ്ഥയുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment