തനിക്കും മകള്‍ക്കുമെതിരായി ഉയര്‍ന്നുവന്ന തട്ടിക്കൊണ്ടുപോകല്‍ കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ജി. കൃഷ്ണകുമാര്‍. സ്ഥാപനത്തില്‍ മൂന്ന് ജീവനക്കാര്‍ ചേര്‍ന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. കമ്പനിയുടെ ക്യൂആര്‍ കോഡ് പ്രവര്‍ത്തിക്കുന്നില്ലെന്ന് കാണിച്ച് മറ്റൊരു ക്യൂആര്‍ കോഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തരത്തിലുള്ള തട്ടിപ്പ് കുറച്ച് കാലമായി നടക്കുകയായിരുന്നു. അക്കൗണ്ടിലെ വ്യത്യാസം ഓഡിറ്ററാണ് ആദ്യം ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ പരിശോധനയിലാണ് തട്ടിപ്പിന്റെ വസ്തുതകള്‍ പുറത്തായതെന്ന് ജി. കൃഷ്ണകുമാര്‍ വ്യക്തമാക്കി. പണം നഷ്ടമായതിനേക്കാള്‍ കൂടുതല്‍ വേദന നല്‍കിയത് വിശ്വാസ വഞ്ചന കാണിച്ചതിലാണെ മകള്‍ ദിയ കൃഷ്ണ പ്രതികരിച്ചു. ഒരു ജീവനക്കാരിയുടെ ഭര്‍ത്താവ് തനിക്കെതിരെ ഭീഷണി മുഴക്കിയെന്നും, പരാതിയുമായി മുന്നോട്ട് പോയാല്‍ പണം തിരികെ നല്‍കില്ലെന്ന് അവന്‍ പറഞ്ഞു ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ദിയ പറഞ്ഞു.
തട്ടിപ്പ് പുറത്തായതോടെ ബന്ധപ്പെട്ട ജീവനക്കാരും അവരുടെ ബന്ധുക്കളും സെറ്റില്‍മെന്റിനായി സമീപിച്ചു. തട്ടിപ്പിനെയും ഭീഷണിയെയും കുറിച്ച് നേരത്തേ തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്ന് ജി. കൃഷ്ണകുമാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് തെളിവുകള്‍ സഹിതം മൊഴികളും നല്‍കിയിരുന്നു. എന്നാല്‍ അതിനുശേഷവും പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് ഭീഷണികള്‍ തുടര്‍ന്നതായി അദ്ദേഹം പറഞ്ഞു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് തനിക്കെതിരെയും കുടുംബത്തിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തതായുള്ള വിവരം അറിയാന്‍ കഴിഞ്ഞതെന്ന് കൃഷ്ണകുമാര്‍ വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment