Thursday, July 30, 2026
Kerala News

കാക്കനാട് ജയിലിലെ റീല്‍സ് ചിത്രീകരണം: പൊലീസില്‍ പരാതി നല്‍കി ജയില്‍ സൂപ്രണ്ട്

കാക്കനാട് ജയിലിലെ റീല്‍സ് ചിത്രീകരണം: പൊലീസില്‍ പരാതി നല്‍കി ജയില്‍ സൂപ്രണ്ട്

കാക്കനാട് ജയിലിലെ റീല്‍സ് ചിത്രീകരണത്തില്‍ പൊലീസില്‍ പരാതി നല്‍കി ജയില്‍ സൂപ്രണ്ട്. അനുമതിയില്ലാതെ ജയിലിനുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന് പിന്നാലെയാണ് പരാതി നല്‍കിയത്. 

കാക്കനാട് ജില്ലാ ജയിലില്‍ ജീവനക്കാരന്റെ വിരമിക്കല്‍ പാര്‍ട്ടിയില്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ ജയിലിനുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്തി റീല്‍ ചിത്രീകരിച്ചതായാണ് പരാതിയുണ്ടായത്. ജയിലിന് ഉള്ളിലെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതോടെ വിഷയത്തില്‍ രഹസ്യന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി.

ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകള്‍ ജയിലില്‍ എത്തിയത് വീഴ്ച ആണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ രജിസ്റ്ററില്‍ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തിയ ശേഷമാണ് ഇവരെ ജയിലിനുള്ളില്‍ പ്രവേശിപ്പിച്ചത് എന്നും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണ് എന്നത് അറിഞ്ഞില്ല എന്നുമാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. വിരമിച്ച ജീവനക്കാരന്റെ ക്ഷണപ്രകാരമാണ് ഇവര്‍ ജയിലില്‍ എത്തിയത് എന്നും ഫോണുകള്‍ ഉള്‍പ്പെടെ ജയിലിനുള്ളില്‍ കൊണ്ടുപോകാന്‍ അനുവദിച്ചിട്ടില്ല എന്നും ജയില്‍ അധികൃതര്‍ പറയുന്നു. 

ഇന്‍ഫോപാര്‍ക്ക് പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിന് ജയില്‍ ഡിജിപിയും നിര്‍ദ്ദേശം നല്‍കിയിരുന്നു. ജയിലിനുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്.  സംഭവത്തിന്റെ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.



Related News

Comments

No comments yet. Be the first to comment!

Leave a Comment