തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ടും ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കണ്ണൂര്‍ ,കാസര്‍കോട് ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ബാക്കിയുള്ള 9 ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പുമാണ്. നാളെ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്നാണ് പ്രവചനം.
അറബിക്കടലില്‍ ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ ഏര്‍പ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുകയാണ്. ഈ വര്‍ഷം ശരാശരിയെക്കാള്‍ ഉയര്‍ന്ന അളവില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.
മഴ കനത്തതോടെ വലിയ രീതിയില്‍ നാശനഷ്ടം പലജില്ലകളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്നലെ രാത്രിയില്‍ പെയ്ത കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. വിവിധ ഇടങ്ങളില്‍ മരംകടപുഴകി വീണ് ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി ലൈനുകള്‍ തകരാറിലാവുകയും ചെയ്തു. പാളയം, വെള്ളയമ്പലം, കവടിയാര്‍, ശാസ്തമംഗലം, മേഖലകളില്‍ മരം ഒടിഞ്ഞു വീണു. കോഴിക്കോട് പലയിടത്തും ഇന്നലെ വൈദ്യുതി ബന്ധം ഉള്‍പ്പടെ വിച്ഛേദിക്കപ്പെട്ടു. അതേസമയം, അപകടസാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഉടനെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment