Friday, July 31, 2026
Kerala News

സൂരജ് വധക്കേസ്: സിപിഎം പ്രവര്‍ത്തകരുടെ ശിക്ഷാവിധി ഇന്ന്

സൂരജ് വധക്കേസ്: സിപിഎം പ്രവര്‍ത്തകരുടെ ശിക്ഷാവിധി ഇന്ന്

കണ്ണൂര്‍: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ എളമ്പിലായി സൂരജ് വധക്കേസില്‍ ശിക്ഷാവിധി ഇന്ന്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. കേസില്‍ ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരാണന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരന്‍ മനോരാജും ടി.പി കേസ് പ്രതി ടി.കെ രജീഷുമടക്കം ആദ്യ ആറു പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായും കോടതി കണ്ടെത്തി. മൂന്നുപേര്‍ക്കെതിരെ ഗൂഢാലോചനയും തെളിഞ്ഞിട്ടുണ്ട്.

2005 ആഗസ്റ്റ് 7നാണ് സൂരജ് കൊല്ലപ്പെട്ടത്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ വൈരാഗ്യത്തില്‍ സൂരജിനെ കൊലപ്പെടുത്തി എന്നാണ് കേസ്. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുന്‍പും സൂരജിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോള്‍ 32 വയസായിരുന്നു സൂരജിന്റെ പ്രായം.

രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാവാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കുകയാണ് കേസില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. ആകെ 12 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. കേസിലെ ഒന്നാം പ്രതി പി.കെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടി.പി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. പത്താം പ്രതിയെ കുറ്റക്കാരനല്ലന്ന് കണ്ട് കോടതി വെറുതെവിട്ടു.

ടി.കെ രജീഷ്. എന്‍.വി യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി പത്മനാഭന്‍, മനോമ്പേത്ത് രാധാകൃഷ്ണന്‍, നാഗത്താന്‍കോട്ട പ്രകാശന്‍, പുതിയപുരയില്‍ പ്രദീപന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. പ്രതികള്‍ക്കെതിരെ ഗൂഢാലോചന, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment