കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ കൊല്ലപ്പെട്ട ഷിബില നേരിട്ടത് ക്രൂര പീഡനമാണെന്നും പൊലീസ് നടപടി എടുത്തെങ്കില്‍ മകള്‍ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും ഷിബിലയുടെ പിതാവ്. പ്രതി യാസിറിനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് അവഗണിച്ചെന്ന് കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ 28 ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെന്ന് ഷിബിലയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
പരാതി നല്‍കി രണ്ട് ദിവസം കഴിഞ്ഞ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. രണ്ട് പേരോടും പോലീസ് കാര്യങ്ങള്‍ ചോദിച്ചു. അതില്‍ കൂടുതല്‍ ഒരു നടപടി പോലീസ് എടുത്തില്ലെന്ന് പിതാവ് പറഞ്ഞു. യാസിറിന്റെ ലഹരി ഉപയോഗം ഉള്‍പ്പെടെ പൊലീസിനെ ബോധ്യപ്പെടുത്തിയിരുന്നു. മദ്യപിച്ചു വന്നാല്‍ തന്നെ ഉപദ്രവിക്കാറുണ്ട് എന്ന് മകള്‍ പലവട്ടം പറഞ്ഞതാണ്. ഉമ്മയെ കൊലപ്പെടുത്തിയ ആഷിക്കും യാസിറും സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും പോലീസുകാരോട് പറഞ്ഞിരുന്നു. എന്നിട്ടും പൊലീസ് കാര്യക്ഷമമായ നടപടി സ്വീകരിച്ചില്ല.
അന്ന് പൊലീസ് നടപടി എടുത്തിരുന്നു എങ്കില്‍ ഷിബില ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് പിതാവ് പറയുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് പിതാവ് വ്യക്തമാക്കി. കൂടാതെ തന്റെ മകള്‍ കൊല്ലപ്പെട്ടതില്‍ ഉത്തരവാദി യാസിറിന്റെ മാതാപിതാക്കളെന്നും ഷിബിലയുടെ പിതാവ് ആരോപിച്ചു. പ്രശ്‌ന പരിഹാരത്തിനു യാസിറിന്റെ മാതാപിതാക്കള്‍ തയാറായില്ലെന്നും പിതാവ് പറഞ്ഞു.
യാസിര്‍ ഒരു ദിവസം രാത്രി അവന്റെ വീട്ടിലേക്ക് ഞങ്ങളെ വിളിച്ചിരുന്നു. അവിടെ നില്‍ക്കാന്‍ താത്പര്യം ഇല്ലെന്ന് ഷിബില തങ്ങളെ അറിയിച്ചിരുന്നു. മകള്‍ അവിടെ നിന്ന് തന്നെ കെട്ടിപിടിച്ച് കരഞ്ഞു. തുടര്‍ന്നാണ് മകളെ കൂട്ടി വീട്ടില്‍ വന്നതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment