കോഴിക്കോട്: കോവൂരില്‍ ഓടയില്‍ വീണ് കാണാതായ മധ്യവയസ്‌കനു വേണ്ടി തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. കോവൂര്‍ സ്വദേശി ശശി ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഓടയിലേക്ക് അബദ്ധത്തില്‍ വീണത്. നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ പുലര്‍ച്ചെ ഒന്നര വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
എംഎല്‍എ റോഡിലെ ഒരു ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്നു ശശി. ഇതിനിടെ ഇയാള്‍ ഓടയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇവരാണ് പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചത്. ശക്തമായ മഴയില്‍ ഓട നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്ന അവസ്ഥയിലായിരുന്നു. ഓടയിലിറങ്ങി പരിശോധന നടത്തിയിരുന്നെങ്കിലും ശശിയ കണ്ടെത്താന്‍ കഴിഞ്ഞില്ല.
മൂന്ന് കിലോമീറ്ററോളം ഇന്നലെ പരിശോധന നടത്തിയിരുന്നു. ഇടിമിന്നലോട് കൂടിയ മഴയായിരുന്നുവെന്നും ഓട നിറഞ്ഞ് ഒഴുകുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. സാധാരണ മഴ പെയ്താല്‍ തന്നെ ഓടയില്‍ ശക്തമായ ഒഴുക്കാണ് ഉണ്ടാകാറുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. കോവൂര്‍ മെഡിക്കല്‍ കോളേജ്, ചേവരമ്പലം തുടങ്ങിയ പ്രദേശത്തെ വെള്ളം ഈ ഓടയിലൂടെ മാമ്പുഴയിലേക്കാണ് ചേരുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment