Saturday, August 1, 2026
Kerala News

വാളയാര്‍ കേസ്: അമ്മയെയും രണ്ടാനച്ഛനെയും കൂടുതല്‍ കേസുകളില്‍ പ്രതിചേര്‍ത്ത് സിബിഐ

വാളയാര്‍ കേസ്: അമ്മയെയും രണ്ടാനച്ഛനെയും കൂടുതല്‍ കേസുകളില്‍ പ്രതിചേര്‍ത്ത് സിബിഐ

വാളയാറിലെ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് അമ്മയെയും രണ്ടാനച്ഛനെയും കൂടുതല്‍ കേസുകളില്‍ പ്രതിചേര്‍ത്ത് സി.ബി.ഐ. അന്വേഷണം നടക്കാനിരിക്കുന്ന മൂന്നുകേസുകളില്‍ കൂടിയാണ് ഇരുവരേയും പ്രതികളാക്കിയത്. നേരത്തെ കോടതിയില്‍ സിബിഐ ആറുകുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു. അമ്മയേയും രണ്ടാനച്ഛനേയും പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇത് കോടതി അംഗീകരിച്ചു. ഇതിന് പിന്നാലെയാണ് അമ്മയെയും രണ്ടാനച്ഛനെയും കൂടുതല്‍ കേസുകളില്‍ പ്രതി ചേര്‍ക്കുന്നത്.

നേരത്തേ ആറു കേസുകളില്‍ ഇവരെ പ്രതിയാക്കി കുറ്റപത്രം നല്‍കിയിരുന്നു. ഈ കേസുകളിലെല്ലാം ഇരുവര്‍ക്കുമെതിരേ സാക്ഷിമൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളുമെല്ലാമുണ്ടെന്ന് ബുധനാഴ്ച കേസ് പരിഗണിക്കവേ സി.ബി.ഐ. ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് സമന്‍സ് അയക്കുന്നതിനുള്ള നടപടിക്രമം ഈ മാസം 25-ന് സി.ബി.ഐ. കോടതി പരിഗണിക്കും. വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതില്‍ അമ്മയ്ക്കും പങ്കുണ്ടെന്നാണ് സിബിഐ കണ്ടെത്തല്‍. 

മക്കളുടെ മുന്നില്‍ വെച്ച് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണെന്നും കൊച്ചി സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ അന്വേഷണ സംഘം വ്യക്തമാക്കുന്നു. സംസ്ഥാന പൊലീസ് അന്വേഷണത്തിനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം നല്‍കിയത്. ആത്മഹത്യാ പ്രേരണാ കുറ്റം ഉള്‍പ്പടെ വിവിധ വകുപ്പുകളാണ് ചുമത്തിയത്. 

2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില് 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്മയുടെ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കേസ് ഏറ്റെടുത്ത സിബിഐ 2021 ഡിസംബറില്‍ ആദ്യ കുറ്റപത്രം നല്‍കി. അമ്മയും അച്ഛനും അറിഞ്ഞ് കൊണ്ട് തന്നെ രണ്ട് മക്കളെയും പ്രതികള്‍ക്ക് പീഡനത്തിന് ഇട്ട് കൊടുത്തെന്നാണ് സിബിഐ കണ്ടെത്തല്‍. 

മൂത്ത കുട്ടിയുടെ മരണത്തില്‍ അട്ടപ്പള്ളം സ്വദേശി വി. മധു (വലിയ മധു), ഇടുക്കി രാജാക്കാട് സ്വദേശി ഷിബു, പാമ്പാമ്പള്ളം സ്വദേശി എം. മധു (കുട്ടിമധു), 16 വയസ്സുകാരന്‍ എന്നിവരാണ് പ്രതികള്‍. അനുജത്തിയുടെ മരണത്തില്‍ വലിയ മധുവും ആദ്യകേസിലുള്‍പ്പെട്ട 16 വയസ്സുകാരനും പ്രതികളാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment