Saturday, August 1, 2026
Kerala News

തൃശൂരിലെ ബാങ്ക് കവര്‍ച്ച: 16 മണിക്കൂര്‍ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്

തൃശൂരിലെ ബാങ്ക് കവര്‍ച്ച: 16 മണിക്കൂര്‍ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്

ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ പട്ടാപ്പകല്‍ മോഷണം നടന്ന് 16 മണിക്കൂര്‍ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്.  ഇന്നലെ രാത്രി മുഴുവന്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്. കേസ് അന്വേഷണത്തിനായി ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അതില്‍ കൂടുതല്‍ ഇപ്പോള്‍ പറയാനില്ലെന്നും തൃശൂര്‍ റൂറല്‍ എസ്പി ബി.കൃഷ്ണകുമാര്‍ പറഞ്ഞു. 

കവര്‍ച്ച നടത്തിയ പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം കൂടുതല്‍ ഇടത്തേക്ക് വ്യാപിപ്പിക്കും. പ്രതി കേരളം വിട്ടോ എന്ന് സംശയിക്കുന്നതിനാല്‍ സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം നടത്തും. പ്രതിസഞ്ചരിച്ച വാഹനം ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റാരുടെയെങ്കിലും സഹായം ഇയാള്‍ക്ക് ലഭ്യമായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. 

മോഷ്ടാവ് ഹിന്ദി സംസാരിച്ചതുകൊണ്ട് അയാള്‍ മലയാളി അല്ലാതാകണമെന്നില്ലെന്നും ഏതാണ്ട് 15 ലക്ഷം രൂപയോളമാണ് നഷ്ടപ്പെട്ടതെന്നും മധ്യമേഖല ഡിഐജി ഹരിശങ്കര്‍ പറഞ്ഞു. എടിഎമ്മില്‍ നിന്ന് എടുത്തുവച്ച പണമാണ് നഷ്ടമായത്.  കൂടുതല്‍ പണം ഉണ്ടായിട്ടും അത് എടുത്തില്ലെന്നതു പ്രത്യേകതയാണ്. എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. സ്‌കൂട്ടറില്‍ കയ്യുറകളും ഹെല്‍മെറ്റും, ജാക്കറ്റും ധരിച്ചെത്തിയ മോഷ്ടാവ് ബാങ്കിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഭക്ഷണ ഇടവേള ആയതിനാല്‍ ഭൂരിഭാഗം ജീവനക്കാരും ഭക്ഷണ മുറിയിലായിരുന്നു. ബാങ്ക് മാനേജര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മാത്രമായിരുന്നു പുറത്തുണ്ടായിരുന്നത്. ഇവരെ മോഷ്ടാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തി ഭക്ഷണം കഴിക്കുന്ന മുറിയിലേക്ക് ആക്കി വാതില്‍ പുറത്തുനിന്നും പൂട്ടുകയായിരുന്നു. ക്യാഷ് കൗണ്ടറില്‍ എത്തിയ മോഷ്ടാവ് കൗണ്ടര്‍ പൊളിച്ച് പണം കവര്‍ന്നു. കൗണ്ടറില്‍ 45 ലക്ഷം രൂപ ഉണ്ടായിരുന്നെങ്കിലും 5 ലക്ഷം വീതമുള്ള 3 കെട്ടുകള്‍ ആണ് മോഷ്ടാവ് കവര്‍ന്നത്.




Related News

Comments

No comments yet. Be the first to comment!

Leave a Comment