Sunday, August 2, 2026
Kerala News

ഒളിച്ചു കളിക്കുന്നതിനിടയില്‍ ടാര്‍വീപ്പയില്‍ കുരുങ്ങിയ നാലുവയസുകാരിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

ഒളിച്ചു കളിക്കുന്നതിനിടയില്‍ ടാര്‍വീപ്പയില്‍ കുരുങ്ങിയ നാലുവയസുകാരിക്ക് രക്ഷകരായി അഗ്നിരക്ഷാസേന


ഒളിച്ചു കളിക്കുന്നതിനിടയില്‍ ടാര്‍നിറച്ച വീപ്പയില്‍ കുരുങ്ങിയ നാലുവയസുകാരിയെ അഗ്നിരക്ഷാസേന ജീവനക്കാര്‍ രക്ഷപ്പെടുത്തി. കാസര്‍കോടാണ് സംഭവം നടന്നത്. ഒളിച്ചു കളിക്കുന്നതിനിടയില്‍ നാലുവയസുകാരി  അബദ്ധവശാല്‍ ടാര്‍ വീപ്പയില്‍ ഇറങ്ങി ഒളിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് കുട്ടിയുടെ മുട്ടിന് മുകള്‍ ഭാഗം വരെ ടാറില്‍ മുങ്ങുകയും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലുമായി. 

വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം സംഭവിച്ചത്. ചട്ടഞ്ചാല്‍ എംഐസി കോളേജിന് സമീപത്തെ ഖദീജയുടെ മകള്‍ ഫാത്തിമയാണ് അപകടത്തില്‍പ്പെട്ടത്. സഹോദിക്കൊപ്പമായിരുന്നു കുട്ടി കളിച്ചത്. വീപ്പയ്ക്ക് സമീപത്തുണ്ടായിരുന്ന കല്ലില്‍ ചവിട്ടിയാണ് കുട്ടി അകത്തേക്ക് കയറിയത്. അപകടം സംഭവിച്ച ഉടന്‍ സഹോദരി മാതാവിനെ ഇക്കാര്യം അറിയിച്ചിരുന്നു. 

പോലീസും സംഭവ സ്ഥലത്തേക്ക് എത്തിയിരുന്നു. എന്നാല്‍ പോലീസും നാട്ടുകാരും ശ്രമിച്ചിട്ടും കുട്ടിയെ പുറത്തിറക്കാന്‍ സാധിച്ചില്ല. പിന്നീട് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. വെയിലേറ്റ് ടാര്‍ ഉരുകിയ നിലയിലായിരുന്നു. ഈ സമയത്താണ് ഫാത്തിമ വീപ്പയില്‍ ഇറങ്ങിയത്. പിന്നീട് ടാര്‍ തണുത്ത് കട്ടിയായതിനാല്‍ ഏറെ പണിപ്പെട്ടാണ് കുട്ടിയെ പുറത്തേക്കെടുത്തത്. 

30 ലിറ്റര്‍ ഡീസല്‍ വീപ്പയിലേക്ക് ഒഴിച്ച് ടാറിന്റെ കട്ടി കുറച്ചു. ഇങ്ങനെ പല തവണ ആവര്‍ത്തിച്ച ശേഷം ടാര്‍ ദ്രാവക രൂപത്തിലാക്കിയാണ് കുട്ടിയെ പുറത്തെടുത്തത്. പുറത്തെടുത്തശേഷം ഏറെ നേരം പണിപ്പെട്ടാണ് കുട്ടിയുടെ ശരീരത്തില്‍ നിന്ന് ടാര്‍ നീക്കിയത്. പിന്നീട് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 




Related News

Comments

No comments yet. Be the first to comment!

Leave a Comment