Sunday, August 2, 2026
Kerala News

ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ കേസില്‍ ഷെറിന് ശിക്ഷാ കാലയളവില്‍ ഇളവ് നല്‍കിയത് നിയമവിരുദ്ധം; മന്ത്രിസഭയിലെ ഉന്നതരുടെ സ്വാധീനം ഉണ്ടായതായും ചെന്നിത്തല

 ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ കേസില്‍ ഷെറിന് ശിക്ഷാ കാലയളവില്‍ ഇളവ് നല്‍കിയത് നിയമവിരുദ്ധം; മന്ത്രിസഭയിലെ ഉന്നതരുടെ സ്വാധീനം ഉണ്ടായതായും ചെന്നിത്തല




ആലപ്പുഴ  ചെങ്ങന്നൂര്‍ ചെറിയനാട് സ്വദേശി ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതിയും കാരണവരുടെ മരുമകളുമായ ഷെറിനു ശിക്ഷാ കാലയളവില്‍ ഇളവ് അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരേ  ഗവര്‍ണര്‍ക്കു കത്ത് നല്‍കിയതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഷെറിനു ശിക്ഷയില്‍ ഇളവ് അനുവദിക്കുന്നത് നിയമവിരുദ്ധവും സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുന്നതുമാണ്.  

മൂന്ന് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടയാളെയാണ് വെറും 14 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ മോചിപ്പിക്കാന്‍ ശ്രമിക്കുന്നത്. തടവില്‍ കഴിയവേ, സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലില്‍  പ്രശ്‌നങ്ങളുണ്ടാക്കിയതിനാല്‍ നാലു തവണ ജയില്‍ മാറ്റിയ ഷെറിനെ ജയില്‍ മോചിതയാക്കാനുള്ള മന്ത്രസഭ തീരുമാനം മിന്നല്‍ വേഗത്തിലായിരുന്നു.  25 വര്‍ഷത്തിലധികമായി തടവിലുള്ളവരെ വിട്ടയയ്ക്കണമെന്ന് ജയില്‍ ഉപദേശക സമിതികളുടെ ശുപാര്‍ശകളില്‍ തീരുമാനം നീളുമ്പോഴാണ് 14 വര്‍ഷം മാത്രം പൂര്‍ത്തിയാക്കിയെന്ന കാരണം പറഞ്ഞ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം. ഇത് മന്ത്രിസഭയിലെ തന്നെ ഉന്നതരുടെ സ്വാധീനം മൂലമാണ് എന്നും ചെന്നിത്തല ആരോപിച്ചു. 

കണ്ണൂര്‍ ജയില്‍ ഉപദേശക സമിതി ഡിസംബറില്‍ നല്‍കിയ ശുപാര്‍ശ പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം. കഴിഞ്ഞ 14 വര്‍ഷങ്ങള്‍ക്കിടെ 500 ദിവസത്തോളം ഷെറീന് പരോള്‍ അനുവദിച്ചിരുന്നു. 20-25 വര്‍ഷം വരെ തടവു ശിക്ഷ അനുഭവിച്ചവരെ പിന്തള്ളിയാണ് ഷെറീനെ മോചിപ്പിക്കാന്‍ മന്ത്രിസഭ ഗവര്‍ണറോടു ശുപാര്‍ശ ചെയ്തത്.  കുറ്റവാളികളും രാഷ്ട്രീയ ഉന്നതരും തമ്മിലുള്ള ഗൂഢ ബന്ധത്തിന്റെ മറവിലാണ് കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശക സമിതി ഷെറിനെ വിടുതല്‍ ചെയ്യാന്‍ ശുപാര്‍ശ ചെയ്തത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കടക്കം ഈ ഇളവുകള്‍ ലഭിച്ചിട്ടുണ്ട്.

ഇത്തരം ശുപാര്‍ശകള്‍ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയാല്‍ കുറ്റവാളികള്‍ക്കു പ്രോത്സാഹനവും നിയമവ്യവസ്ഥയ്ക്കു വെല്ലുവിളിയുമാകും.  അതിക്രൂരമായി കൊല്ലപ്പെട്ട  ടി.പി ചന്ദ്രശേഖരന്‍ കേസില്‍ ജീവ പര്യന്തം ശിക്ഷിക്കപ്പെട്ടവര്‍ക്കും പുറത്തിറങ്ങാന്‍ അവസരമൊരുക്കുന്നതിനു കീഴ് വഴക്കം കൂടി ഉണ്ടാക്കുകയാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ പ്രതിക്ക് ഒരു കാരണവശാലും ശിക്ഷാ ഇളവ് അനുവദിക്കരുതെന്നും ഷെറിനെ വെറുതെ വിടാനുള്ള ഫയലില്‍ ഒപ്പിടരുതെന്നും ഗവര്‍ണര്‍ക്കുള്ള കത്തില്‍ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. 


Related News

Comments

No comments yet. Be the first to comment!

Leave a Comment