വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയേയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പോലീസിനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്എഫ്‌ഐക്കുവേണ്ടി നടത്തുന്ന ഗുണ്ടാപ്പണി പോലീസ് നിര്‍ത്തണം എന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടത്. കെ.എസ്.യുവിന്റെ പ്രവര്‍ത്തകരെ അതിക്രൂരമായി മര്‍ദ്ദിച്ചൊതുക്കിക്കളയാമെന്ന് എസ്എഫ്‌ഐയുടെ പേരില്‍ തെരുവിലിറങ്ങുന്ന ക്രിമിനലുകള്‍ കരുതരുത്. അവര്‍ക്ക് സംരക്ഷണ കവചം തീര്‍ക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും എന്നത് മറക്കണ്ട. പിന്നെ സ്ഥിതിഗതികള്‍ കൈവിട്ടു പോയി എന്നാരും പരിതപിക്കരുത്. സംസ്ഥാനത്തെ അനാവശ്യമായ തെരുവുയുദ്ധത്തിലേക്കു നയിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.യു പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് അടിക്കുന്ന പോലീസിനോടാണ് ഇനി പറയാനുള്ളത്. എസ്.എഫ്‌ഐക്കു വേണ്ടി നടത്തുന്ന ഈ ഗുണ്ടാപ്പണി നിര്‍ത്തിക്കോണം. ഭരണം മാറും. നിങ്ങള്‍ ഇവിടെ തന്നെ കാണും. കെ.എസ്.യുക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനും മര്യാദയ്ക്കു സര്‍വീസ് പൂര്‍ത്തിയാക്കുമെന്നു കരുതരുത്. ഇതൊരു താക്കീതായി തന്നെ കാണണം. കെ.എസ്.യു പ്രവര്‍ത്തകര്‍ക്കൊപ്പം സംസ്ഥാനത്തെ ജനങ്ങളുണ്ട്. കോണ്‍ഗ്രസുണ്ട്. അത് മറക്കരുത് എന്നും അദ്ദേഹം പറഞ്ഞു.
ഇതിനുപുറമെ എലപ്പുള്ളി ബ്രൂവറി വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയാണെന്നുമാണ് ചെന്നിത്തല പറഞ്ഞത്. ഒരു വകുപ്പുകളും അറിയാതെയാണ് സര്‍ക്കാര്‍ നീക്കം നടത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഘടക കക്ഷികളെയും സര്‍ക്കാര്‍ വിശ്വാസത്തിലെടുത്തില്ല. ആരോടും ആലോചിക്കാതെയാണ് പദ്ധതിയുമായി മുന്നോട്ട് പോയത്. ഡല്‍ഹി മദ്യനയ അഴിമതിക്കേസിലെ കമ്പനിക്കാണ് മദ്യനിര്‍മാണ ശാല തുടങ്ങാന്‍ അനുമതി നല്‍കിയത്.
പിന്നില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറിക്ക് അനുമതി നല്‍കിയത് നടപടികള്‍ പാലിച്ചാണ്. പരസ്യം നല്‍കി അപേക്ഷ ക്ഷണിച്ചിരുന്നു. ചുരുക്കപട്ടിക തയ്യാറാക്കി തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയാണ് ബ്രൂവറിക്ക് അനുമതി നല്‍കിയത് എന്നും ചെന്നിത്തല പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment