Sunday, August 2, 2026
Kerala News

ശ്രീറാം വെങ്കിട്ടരാമനുവേണ്ടി വാദിക്കുന്നത് ബോബി ചെമ്മണ്ണൂരിന് ജാമ്യം വാങ്ങിക്കൊടുത്ത അഭിഭാഷകന്‍: ജഡ്ജിമാര്‍ക്കിടയില്‍ ബഹുമാന്യന്‍: പടികയറാന്‍ ബുദ്ധിമുട്ട് പറഞ്ഞതോടെ കോടതി തന്നെ മാറ്റിക്കൊടുത്തു

ശ്രീറാം വെങ്കിട്ടരാമനുവേണ്ടി വാദിക്കുന്നത് ബോബി ചെമ്മണ്ണൂരിന് ജാമ്യം വാങ്ങിക്കൊടുത്ത അഭിഭാഷകന്‍: ജഡ്ജിമാര്‍ക്കിടയില്‍ ബഹുമാന്യന്‍: പടികയറാന്‍ ബുദ്ധിമുട്ട് പറഞ്ഞതോടെ കോടതി തന്നെ മാറ്റിക്കൊടുത്തു


തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ഏക പ്രതി ശ്രീറാം വെങ്കിട്ടരാമന് വേണ്ടി കോടതിയില്‍ വാദിക്കുക ബോബി ചെമ്മണ്ണൂരിനും നടന്‍ ദിലിപിനുമൊക്കെ ജാമ്യം വാങ്ങിക്കൊടുത്ത അഡ്വ. ബി.രാമന്‍പിള്ള. ജഡിജിമാര്‍ പോലും ബഹുമാനിക്കുന്ന സംസ്ഥാനത്തെ മുതിര്‍ന്ന അഭിഭാഷകനാണ് രാമന്‍പിള്ള.

മുന്‍ഗണന മറികടന്ന് ബോബി ചെമ്മണ്ണൂരിന്റെ കേസ് നേരത്തെ വിളിച്ചതും ഹൈക്കോടതിയെ പോലും അവഹേളിക്കുന്ന നിലയില്‍ ബോച്ചെ പ്രവര്‍ത്തിച്ചപ്പോള്‍ കോടതി നടപടി എടുക്കാതിരുന്നതുമൊക്കെ അഡ്വ.രാമന്‍പിള്ളയെ പരിഗണിച്ചുമാത്രമായിരുന്നു. ഇപ്പോള്‍ രാമന്‍പിള്ളയ്ക്ക് പടികയറാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കാട്ടി ശ്രീം നല്‍കിയ ഹര്‍ജിയില്‍ വിചാരണ കോടതിപോലും മാറ്റി നല്‍കിയിരിക്കുകയാണ്.

തിരുവനന്തപുരം മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയായിരുന്നു കേസ് പരിഗണിച്ചിരുന്നത്. ഇനി വിചാരണ നടക്കുക നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയിലായിരിക്കും. ഇത്രയേറെ കോടതികള്‍ പോലും ബഹുമാനിക്കുന്ന പ്രതിഭാഗം അഭിഭാഷകന്‍ മറുവശത്ത് നില്‍ക്കുമ്പോള്‍ കോടതിയില്‍ നിന്ന് പോലും നീതി ലഭിക്കുമോയെന്ന ആശങ്കയിലാണ് ബഷീറിന്റെ കുടുംബാംഗങ്ങള്‍.

കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ കോടതി മാറ്റണമെന്ന ആവശ്യമുന്നയിച്ചത്. മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതി പ്രവര്‍ത്തിക്കുന്നത് ഒന്നാം നിലയിലാണ്. തന്റെ അഭിഭാഷകന്‍ ബി. രാമന്‍ പിള്ളയ്ക്ക് പടികള്‍ കയറി കോടതിയിലെത്തുന്നതിന് ശാരീരികമായ ബുദ്ധിമുട്ടുകളുള്ളതിനാല്‍ കോടതി മാറ്റണമെന്നായിരുന്നു ശ്രീറാമിന്റെ ആവശ്യം.

ശ്രീറാമിന്റെ ഹര്‍ജിയെ തുടര്‍ന്ന് കോടതി വിചാരണ ആരംഭിക്കുന്നതിനായി സാക്ഷികള്‍ക്ക് അയച്ച സമന്‍സ് തിരിച്ചു വിളിച്ച് ഹര്‍ജി പരിഗണിക്കുകയായിരുന്നു. കാര്യങ്ങള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി മാറ്റി. ഇനി വിചാരണ നടക്കാന്‍ പോകുന്ന തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതി താഴത്തെ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.

2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ വാഹനം ഇടിച്ച് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീര്‍ കൊല്ലപ്പെട്ടത്. അമിത വേഗത്തിലെത്തിയ കാര്‍ ബിഷീര്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. മദ്യപിച്ച് അമിത വേഗത്തില്‍ അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

Related News

Comments

No comments yet. Be the first to comment!

Leave a Comment