Sunday, August 2, 2026
Kerala News

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി കുടുംബം

 നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി കുടുംബം



കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷയാണ് ഇപ്പോള്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. 

മരണ കൊലപാതകമാണെന്ന് സംശയമുണ്ടെന്നും സംസ്ഥാന പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുമാണ് ഭാര്യ അപ്പീലില്‍ ആരോപിച്ചിട്ടുണ്ട്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം  ആരോപിച്ചിരുന്നു. ഇപ്പോഴും ഈ നിലപാടിയില്‍ തന്നെയാണ് കുടുംബം ഉറച്ച് നില്‍ക്കുന്നത്. ഭരണകക്ഷി നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ആളാണ് പ്രതിസ്ഥാനത്ത്. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെയും വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കുടുംബം വാദങ്ങള്‍ നിരത്തുന്നത്. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം പരിഗണിച്ചില്ല. കഴുത്തില്‍ പാടുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അതില്ല. നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തസാന്നിധ്യത്തിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വഴി ഉത്തരം ലഭിച്ചില്ല. ഇത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്മേല്‍ സംശയമുയര്‍ത്തുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ശരിയായ രീതിയിലായിരുന്നില്ല. ആത്മഹത്യയെങ്കില്‍ ഉമിനീര് പുറത്തുവരുമായിരുന്നു എന്നുമാണ് കുടുംബത്തിന്റെ വാദം. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15നാണ് നവീന്‍ ബാബുവിനെ ക്വട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയാണ് ഒന്നാം പ്രതി. പത്തനംതിട്ടയിലേക്ക് സ്ഥലം മാറി പോകുന്നതിന് മുന്‍ സംഘടിപ്പിച്ച യാത്രയപ്പ് യോഗത്തില്‍ ദിവ്യ നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. കേസില്‍ ദിവ്യയെ പ്രതി ചേര്‍ത്തതോടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇവരെ സിപിഎം മാറ്റിയിരുന്നു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment