നെന്മാറ ഇരട്ട കൊലപാതകത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചു എന്നാരോപിച്ച് പോലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടത്തിയത്. നെന്മാറ കൊലപാതകത്തിന് സാഹചര്യം ഉണ്ടാക്കിക്കൊടുത്തത് പൊലീസ് ആണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കൊല ചെയ്തത് ചെന്താമരയാണെങ്കില്‍ കൊലയ്ക്ക് അവസരമൊരുക്കിയത് നെന്മാറ സിഐ ആണ്. പരാതിയുണ്ടായിട്ടും പ്രതിയെ തലോടി വിട്ടത് എന്തിനെന്ന് പൊലീസ് വ്യക്തമാക്കണം എന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്.
പ്രതിഷേധക്കാരെ തടയുന്നതിന് പൊലീസ് സ്റ്റേഷനുമുന്നില്‍ ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.
അതേസമയം പ്രതിയായ ചെന്താരമരയെ പിടികൂടാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രതി ചെന്താമര പാലക്കാട് നഗരത്തില്‍ ഉണ്ടെന്ന സൂചനയെത്തുടര്‍ന്ന് നഗരത്തില്‍ വ്യാപക തിരച്ചില്‍. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ടൗണിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുന്നു. കൂടാതെ നഗരത്തിന്റെ മുക്കും മൂലയും വരെ പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.
അതിനിടെ പ്രതി ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചതില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന ആരോപണത്തില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി. ഇന്നു തന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധികളോടെയായിരുന്നു ചെന്താമരയ്ക്ക് ജാമ്യം ലഭിച്ചത്.
Comments
No comments yet. Be the first to comment!
Leave a Comment