കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സ്ത്രീവിരുദ്ധ നടപടികള്‍ക്കെതിരെ പരാതികള്‍ ധാരാളമായും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെയും പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് നടി. തന്നെ നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്നാണ് നടിയുടെ പരാതി. പരാതിയില്‍ പോലീസ് നടപടികള്‍ ആരംഭിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടിക്കെതിരെ സംവിധായകന്‍ പല ആരോപണങ്ങളും ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടി പരാതി നല്‍കിയത്. നടിക്ക് തന്നോട് പ്രണയമാണെന്നും അവരുടേയും മകളുടേയും ജീവന് ഭീഷണിയുള്ളതിനാലാണ് ഇക്കാര്യം അവര്‍ തുറന്നുപറയാത്തത് എന്ന് കാണിച്ചാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കിട്ടത്. നടി തന്നോട് ഇപ്പോഴും ഫോണില്‍ സംസാരിക്കാറുണ്ടെന്നും പോസ്റ്റില്‍ പറഞ്ഞു. ഇതിന്റെ തെളിവെന്ന നിലയ്ക്ക് ഒരു സ്ത്രീ സംസാരിക്കുന്ന ശബ്ദരേഖയും സനല്‍ കുമാര്‍ പങ്കിട്ടിരുന്നു.
എന്നാല്‍ ഇത് നടിയുടെ ശബ്ദമല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് കമന്റുമായി എത്തിയത്. ഇതോടെ അവരാണ് ഇക്കാര്യം നിഷേധിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി വീണ്ടുമൊരു കുറിപ്പാണ് സനല്‍ കുമാര്‍ പങ്കുവെച്ചത്. എല്ലാ കുറിപ്പുകളും നടിയെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു സംവിധായകന്‍ പങ്കിട്ടത്. ഇത്തരത്തില്‍ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് നടി നിയമനടപടിയുമായി മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ചത്.
അതേസമയം നേരത്തേ നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സനിലിനെതിരെ തിരുവനന്തപുരം പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പിന്‍തുടര്‍ന്ന് അപമാനിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. അന്ന് ഏറെ നാടകീയമായിരുന്നു സംവിധായകന്റെ അറസ്റ്റ്. പിന്നാലെ അദ്ദേഹത്തിന് ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
അതേസമയം തനിക്കെതിരായുള്ളത് വ്യാജ പരാതിയാണെന്നായിരുന്നു സനല്‍ കുമാറിന്റെ വാദം. നടിയൊരിക്കലും തനിക്കെതിരെ പരാതി നല്‍കില്ലെന്നും ആരോ അവരെ ഭീഷണിപ്പെടുത്തി പരാതി കൊടുപ്പിച്ചതാണെന്നും സംവിധായകന്‍ ആരോപിച്ചു. പരാതിയിലെ കൈയ്യക്ഷരം നടിയുടേതല്ലെന്നും ഒപ്പുമാത്രമാണ് നടിയുടേതെന്നും സനല്‍ കുമാര്‍ പറഞ്ഞു.
അറസ്റ്റിന് പിന്നാലെ കുറച്ച് നാള്‍ നടിക്കെതിരെ ഫേസ്ബുക്കില്‍ താരം പോസ്റ്റ് പങ്കുവെച്ചിരുന്നെങ്കിലും പിന്നീട് പ്രതികരണങ്ങളൊന്നും ഉണ്ടായില്ല. അടുത്തിടെയാണ് വീണ്ടും നടിക്കെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചത്. അന്നത്തെ കേസിന് ശേഷം താന്‍ ഇപ്പോള്‍ അമേരിക്കയിലാണെന്നും അവിടെ നിന്നാണ് ഇപ്പോള്‍ കുറിപ്പുകള്‍ പങ്കിടുന്നതെന്നും സനല്‍ പറഞ്ഞിരുന്നു.
Kerala
News
തന്നോട് പ്രണയമെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചരണം: പോസ്റ്റുകള്‍ ടാഗ് ചെയ്ത് അവഹേളിക്കല്‍; സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ കേസ് നല്‍കി നടി
Comments
No comments yet. Be the first to comment!
Leave a Comment