Sunday, August 2, 2026
Kerala News

പാലക്കാട് ബി.ജെ.പിയില്‍ അനുനയം: ഇടഞ്ഞു നിന്ന കൗണ്‍സിലര്‍മാര്‍ രാജിവയ്ക്കില്ല; തീരുമാനം ആര്‍.എസ്.എസിന്റെ ഇടപെടലിനെ തുടര്‍ന്ന്

പാലക്കാട് ബി.ജെ.പിയില്‍ അനുനയം: ഇടഞ്ഞു നിന്ന കൗണ്‍സിലര്‍മാര്‍ രാജിവയ്ക്കില്ല; തീരുമാനം ആര്‍.എസ്.എസിന്റെ ഇടപെടലിനെ തുടര്‍ന്ന്


പാലക്കാട്: വലിയൊരു പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയ പാലക്കാട് ബി.ജെ.പിയില്‍ അനുനയം. രാജി ഭീഷണി മുഴക്കിയ ചെയര്‍പേഴ്‌സണ്‍ അടക്കമുള്ള കൗണ്‍സിലര്‍മാരെ ആര്‍.എസ്.എസ് ഇടപെട്ട് പിന്തിരിപ്പിച്ചു. തല്‍ക്കാലം രാജിവയ്ക്കില്ലെന്ന് വിമത കൗണ്‍സിലര്‍മാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രശാന്ത് ശിവന്‍ ബി.ജെ.പി ജില്ല അധ്യക്ഷനായി ചുമതലയേല്‍ക്കുകയും ചെയ്തു. 


സി.കൃഷ്ണകുമാര്‍ പക്ഷക്കാരനായ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ ജില്ല അധ്യക്ഷന്‍ ആക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു നഗരസഭ ചെയര്‍പേഴ്‌സണ്‍ ഒന്‍പത് കൗണ്‍സിലര്‍മാര്‍ രാജി ഭീഷണി മുഴക്കിയത്. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് കൃഷ്ണകുമാറിന്റെ ബിനാമിയെ അംഗീകരിക്കില്ലെന്നാണ് ഇവരുടെ നിലപാട്. തീരുമാനം പുനപരിശോധിച്ചില്ലെങ്കില്‍ ഇന്ന് പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കുമെന്നും വിമതര്‍ പ്രഖ്യപിച്ചിരുന്നു. എതിര്‍പ്പുകളെയെല്ലാം വളരെ എളുപ്പത്തില്‍ നിഷ്ഭ്രമമാക്കിയാണ് ആര്‍.എസ്.എസ് പ്രശ്‌നം പരിഹരിച്ചത്. രാജിയില്‍ നിന്ന് വിമതരെ പിന്തിരിപ്പിച്ചെന്ന് മാത്രമല്ല പ്രശാന്ത് ശിവനെ ജില്ല അധ്യക്ഷനാക്കുകയും ചെയ്തു. 


മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നതെന്നാണ് വിമത ശബ്ദമുയര്‍ത്തുന്നവരുടെ ആക്ഷേപം. 45 നും 60 നു ഇടയില്‍ പ്രായമുള്ളവരെയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കേണ്ടത്. ചുരുങ്ങിയത് ആറ് വര്‍ഷം ബി.ജെ.പിയില്‍ സജീവാംഗത്വവും വേണം. 35 വയസ് മാത്രമുള്ള പ്രശാന്ത് ശിവനുള്ളത്. ബി.ജെ.പിയിലെ പ്രവര്‍ത്തിപരിചയമാകട്ടെ നാല് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം മാത്രം. അതുമാത്രമല്ല കൂടുതല്‍ വോട്ട് ലഭിച്ചവരെ മാറ്റിനിര്‍ത്തിയാണ് തന്റെ പക്ഷക്കാരനെ കൃഷ്ണകുമാര്‍ തിരുകി കയറ്റിയതെന്നും വിമതര്‍ ആരോപിച്ചു. 


ബി.ജെ.പിയിലെ പൊട്ടിത്തെറി അനുകൂല സാഹചര്യമാക്കാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചതിനിടെയാണ് പ്രശ്‌നം രമ്യമയായി പരിഹരിക്കപ്പെട്ടത്. സന്ദീപ് വാര്യറെ മുന്‍ നിര്‍ത്തിയുള്ള ഓപ്പറേഷനായിരുന്നു കോണ്‍ഗ്രസ് ആലോചിക്കുന്നത്. വിമതര്‍ നിലപാട് വ്യക്തമാക്കിയാല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി സംസാരിച്ച് നീക്കുപോക്ക് ഉണ്ടാക്കുമെന്ന് സന്ദീപ് വാര്യര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. 


ആകെ 52 അംഗങ്ങളുളള നഗരസഭയില്‍ ബി.ജെ.പിക്ക് 28 അംഗങ്ങളാണുള്ളത്. യു.ഡി.എഫിന് 16, വെല്‍ഫെയര്‍ പാര്‍ട്ടി 1, എല്‍.ഡി.എഫ് 7  എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ അംഗബലം. വിമത ശബ്ദമുയര്‍ത്തിയ കൗണ്‍സിലര്‍മാര്‍ രാജിവെച്ചിരുന്നെങ്കില്‍ ബി.ജെ.പിയുടെ കക്ഷിനില 19 ആയി ചുരുങ്ങുമായിരുന്നു. അതുവഴി നഗരസഭാ ഭരണം പോലും നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു. ആര്‍.എസ്.എസിന്റെ ഇടപെടലിനെ തുടര്‍ന്ന് വലിയൊരു പ്രതിസന്ധിയാണ് ബി.ജെ.പി മറികടന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment