Sunday, August 2, 2026
Kerala News

മുന്നണിയിലെ ഘടകകക്ഷിക്ക് പോലും വിശ്വാസമില്ലാത്ത ബ്രൂവറി: എലപ്പുള്ളിയിലെ മദ്യനിര്‍മാണശാലയില്‍ സി.പി.ഐക്ക് എതിര്‍പ്പ്; അനുമതി റദ്ദാക്കണമെന്ന് ആവശ്യം

മുന്നണിയിലെ ഘടകകക്ഷിക്ക് പോലും വിശ്വാസമില്ലാത്ത ബ്രൂവറി: എലപ്പുള്ളിയിലെ മദ്യനിര്‍മാണശാലയില്‍ സി.പി.ഐക്ക് എതിര്‍പ്പ്; അനുമതി റദ്ദാക്കണമെന്ന് ആവശ്യം


കൊച്ചി: നാട്ടില്‍ വികസനം കൊണ്ടുവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞ എലപ്പുള്ളിയിലെ സ്വകാര്യ മദ്യനിര്‍മാണ ശാലയില്‍ സ്വന്തം മുന്നണിയിലെ ഘടകകക്ഷിക്ക് പോലും വിശ്വാസമില്ല. ബ്രൂവറിക്ക് അനുമതി നല്‍കിയ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സി.പി.ഐ. ഇന്നലെ ചേര്‍ന്ന പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവിലാണ് തീരുമാനം. 


സര്‍ക്കാര്‍ പറഞ്ഞ ന്യായീകരണങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് പാലക്കാട് ജില്ലാ ഘടകം തീരുമാനത്തെ ഒറ്റക്കെട്ടായി എതിര്‍ത്തിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കെ ജനങ്ങളുടെ ആശങ്കകള്‍ കേള്‍ക്കാതെ മുന്നോട്ട് പോയാല്‍ തിരിച്ചടി ഉണ്ടാകുമെന്ന് യോഗം വിലയിരുത്തി. എക്‌സിക്യൂട്ടീവിന്റെ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. ഇക്കാര്യം എല്‍.ഡി.എഫ് യോഗത്തില്‍ സി.പി.ഐ പാര്‍ട്ടി അഭിപ്രായമായി ഉന്നയിക്കും. 


അതേസമയം പദ്ധതി പ്രദേശം മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ആദ്യം അപേക്ഷ നിരസിച്ച കമ്പനിക്ക് മുഖ്യമന്ത്രിയും എം.ബി. രാജേഷും സംസാരിച്ച ശേഷമാണ് അനുമതി നല്‍കിയതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കുളങ്ങളില്‍ പോലും വെള്ളം നിലക്കാത്ത ഭൂമിയില്‍ എങ്ങനെ മഴക്കുഴി കേട്ടുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. 


പഞ്ചാബിലും, ഹരിയാനയിലും, മധ്യപ്രദേശിലും ഒയാസിസ് കമ്പനിക്ക് മദ്യനിര്‍മ്മാണശാല ആരംഭിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് അനുമതി നല്‍കിയതെന്ന് മന്ത്രി എം.ബി. രാജേഷ് തിരിച്ചടിച്ചു. മദ്യ കമ്പനിക്ക് വേണ്ടി കുഴല്‍ കിണര്‍വഴി ഒരു തുള്ളി വെള്ളം എടുക്കില്ലേന്നും മലമ്പുഴ വെള്ളവും മഴവെള്ളവുമാണ് ഉപയോഗിക്കുകയെന്നും എം.ബി. രാജേഷ് ആവര്‍ത്തിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment