വയനാട്ടില്‍ നരഭോജിയായി കടുവ രാധ എന്ന യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണം അറിയിച്ച് മന്ത്രി എകെ ശശീന്ദ്രന്‍. കടുവ ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ഭീതിയിലാണെന്നും ആ വസ്തുത നിഷേധിക്കുന്നില്ല എന്നുമാണ് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞത്. കടുവയെ പിടികൂടാന്‍ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥര്‍ തന്നെയാണ് സ്ഥലത്തുള്ളതെന്നും കടുവയെ പിടികൂടുന്നതിന് ആവശ്യമായ നിയമ നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കിയതായും മന്ത്രി അറിയിച്ചു.
ജനങ്ങള്‍ പ്രതിഷേധിക്കുന്നതില്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. അവരുടെ വേദനയില്‍ നിന്നാണ് അവര്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധങ്ങളെ തള്ളി പറയുന്നില്ല. അവരുടെ ആശങ്കകള്‍ അകറ്റാനാവശ്യമായ നടപടികള്‍ സ്വീകരിക്കും എന്നും മന്ത്രി വ്യക്തമാക്കി.
പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന് നേരത്തെ വനംവകുപ്പിനെ അറിയിച്ചിരുന്നു എന്ന പരാതി തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ സത്യാവസ്ഥ കൃത്യമായി അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അന്വേഷണത്തില്‍ എന്തെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായുണ്ടായെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.
ഫോറസ്റ്റ് ഇന്റലിജന്‍സിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. അന്തര്‍ സംസ്ഥാന മന്ത്രിതല കൗണ്‍സില്‍ യോഗം വിളിക്കും. മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് തീരുമാനം എടുക്കും. അടിയന്തിര നടപടിക്ക് നിര്‍ദേശം നല്‍കിയി്ട്ടുണ്ട്. നാളെ 11 മണിക്ക് സംസ്ഥാനതല യോഗം ചേരും. വനംവകുപ്പ് മേധാവി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.
അതേസമയം കടുവയുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞതായി ചീഫ് കണ്‍സര്‍വേറ്റര്‍ അറിയിച്ചിട്ടുണ്ട്. കടുവയുടെ കാല്‍പ്പാടുകളും കണ്ടെത്തി. കടുവയുടെ സാന്നിധ്യം കൂട് സ്ഥാപിച്ച പഞ്ചാരക്കൊല്ലി പ്രദേശത്തുണ്ടെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രഞ്ജിത്ത് കുമാര്‍ പറഞ്ഞത്. രാവിലെ നടത്തിയ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. കടുവയെ കൂട്ടില്‍ അകപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണന. കൂടുതല്‍ ആളുകള്‍ തെരച്ചിലിനു ഇറങ്ങിയാല്‍ കടുവ പ്രദേശത്തു നിന്നും നീങ്ങാന്‍ സാധ്യതയുണ്ട്. അതിനാല്‍ വ്യാപക തെരച്ചില്‍ ഇന്നുണ്ടാവില്ല. തെര്‍മല്‍ ഡ്രോണ്‍ പരിശോധനയും ഇന്ന് നടത്തില്ലെന്ന് റേഞ്ച് ഓഫീസര്‍ അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment