തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാന്റെ കാലത്ത് സംസ്ഥാന ഭരണം പോലും നിശ്ചലമാകും വിധം ഉണ്ടായ ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് വീണ്ടും സംഭവിക്കാതിരിക്കാന്‍ കരുതലോടെയുള്ള നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്ത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും രാജ്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകറെ കാണുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്തത് രണ്ട് ഭരണകേന്ദ്രങ്ങള്‍ക്കിടയിലെ സംഘര്‍ഷം ഇല്ലാതാക്കാനും സൗഹൃദം ഊട്ടിയുറപ്പിക്കാനുമായിരുന്നു. ഇരുവരും പരസ്പരം കൈകൊടുക്കുകയും തമാശകള്‍ പറഞ്ഞ് ചിരിക്കുകയും മാത്രമല്ല, സര്‍ക്കാര്‍തല തീരുമാനങ്ങളില്‍ പോലും രാജ്ഭവന്റെ അധികാരത്തെ മുറപ്പെടുത്താതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തി.
സര്‍വകലാശാലാ നിയമഭേദഗതിയില്‍ സെനറ്റ് പുനഃസംഘടന വേണ്ടെന്നുവെച്ചതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഗവര്‍ണറുടെ അധികാര പരിധിയില്‍ കൈവെച്ചുള്ള ഒരു നീക്കവും തല്‍ക്കാലം വേണ്ടെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുകയായിരുന്നു. ഉന്നതവിദ്യാഭ്യാസ കമ്മിഷന്‍ ശുപാര്‍ശയനുസരിച്ചുള്ള നിയമഭേദഗതിയില്‍ സെനറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രിസഭ ഭേദഗതി വരുത്തിയില്ല. പകരം സിന്‍ഡിക്കേറ്റിന്റെ വലുപ്പം കുറക്കാനുള്ള തീരുമാനം മാത്രമാണ് എടുത്തത്.
സിന്‍ഡിക്കേറ്റില്‍ 15 അംഗം മതിയെന്നാണ് ശ്യാം ബി. മേനോന്‍ കമ്മിഷന്റെ ശുപാര്‍ശ. സെനറ്റിന്റെ വലുപ്പംകുറച്ച് ബോര്‍ഡ് ഓഫ് റീജന്റ്‌സ് ആയി പുനഃസംഘടിപ്പിക്കാനും ശുപാര്‍ശ ചെയ്തിരുന്നു. രാഷ്ട്രീയാതിപ്രസരം ഒഴിവാക്കി സെനറ്റും സിന്‍ഡിക്കേറ്റും അക്കാദമിക സമിതികളാക്കി പരിവര്‍ത്തിപ്പിക്കുന്നതിനുള്ള നിര്‍ദേശവും കമ്മീഷന്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.
നിലവില്‍ പല സിന്‍ഡിക്കേറ്റിലും 25 അംഗംവരെയുണ്ട്. ഭേദഗതിയിലൂടെ ഇത് 18 അക്കി കുറയ്ക്കും. അധ്യാപക-വിദ്യാര്‍ഥി പ്രതിനിധികളുടെ എണ്ണത്തില്‍ കുറവുണ്ടാകില്ല. ഇതരവിഭാഗങ്ങളുടെ എണ്ണമാണ് കുറയ്ക്കുക. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്നവരുടെ എണ്ണവും കുറയും. സര്‍വകലാശാലാ ഭരണത്തില്‍ ദൈനംദിന ഇടപെടലിനുപകരം നയപരമായ സമിതിയായി സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കും.
കമ്മിഷന്‍ ശുപാര്‍ശയനുസരിച്ചുള്ള സെനറ്റ് ഉടച്ചുവാര്‍ക്കല്‍ ആദ്യം ആലോചിച്ചെങ്കിലും പിന്നീടതു വേണ്ടെന്നുവെച്ചു. സെനറ്റിലേക്ക് പത്തിലേറെപ്പേരെ നാമനിര്‍ദേശംചെയ്യാന്‍ ചാന്‍സലര്‍ക്ക് അധികാരമുണ്ട്. സെനറ്റ് ഘടന മാറ്റിയാല്‍ ഈ വ്യവസ്ഥയില്‍ മാറ്റംവരുത്തേണ്ടിവരും. അത്തരമൊരു നടപടി ഗവര്‍ണറെ പ്രകോപിപ്പിക്കാനും രാഷ്ട്രീയവിവാദങ്ങള്‍ക്ക് വഴിയൊരുക്കാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് സര്‍ക്കാരിന്റെ പിന്മാറ്റം.
Kerala
News
മുഖ്യമന്ത്രി-ഗവര്‍ണര്‍ സംഘര്‍ഷം ഒഴിവാക്കാന്‍ കരുതലോടെ: ഗവര്‍ണറുടെ അധികാര പരിധിയില്‍ കൈവയ്ക്കാതെ സര്‍വകലാശാല നിയഭേദഗതികള്‍: ക്ലിഫ്ഹൗസ് രാജ്ഭവന്‍ സൗഹൃദം മടങ്ങിയെത്തുന്നുവോ?
Comments
No comments yet. Be the first to comment!
Leave a Comment