ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്‍ഡിഎഫിന്റെ ജീന്‍ അഴിമതിയിലാണ് എന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞത്. ധാരാളം അഴിമതികള്‍ സര്‍ക്കാരിന് എതിരായി ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കൂടാതെ പാലക്കാട് ബ്രൂവറി വിഷയം മുഖ്യമന്ത്രി നേരിട്ട് നടത്തിയ നടത്തിയ അഴിമതിയുടെ തെളിവാണ് എന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. ബ്രൂവറി വിഷയത്തിലെ സര്‍ക്കാര്‍ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയാണെന്നുള്ളതിനുള്ള തെളിവാണ് ഇന്നലെ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ നിന്നും വ്യക്തമായത്. ബ്രൂവറി വിഷയത്തില്‍ സിപിഐഎം ഒളിച്ചു കളിക്കുകയാണെന്നും സിപിഐ നിലപാട് അറിയാന്‍ താല്‍പര്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റല്ലാതായി. ടാറ്റ സംരംഭം തുടങ്ങാന്‍ വന്നാല്‍ പിന്തുണ നല്‍കേണ്ടേ എന്ന് ചോദിക്കുന്ന മുഖ്യമന്ത്രി ഇത്തരം മുതലാളിത്തത്തിനെതിരെ സമരം ചെയ്ത പാരമ്പര്യം തന്നെ മറന്നു പോയി. മുഖ്യമന്ത്രിക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ താല്പര്യമില്ല. എല്ലാ കമ്പനികളേയും വിളിച്ചുവരുത്താനാണ് മുഖ്യമന്ത്രിക്ക് താല്‍പര്യമെന്നും വാര്‍ത്ത സമ്മേളനത്തില്‍ രമേശ് ചെന്നിത്തല ആരോപിച്ചു
വ്യവസായങ്ങള്‍ക്ക് വെള്ളം കൊടുക്കുന്നതിന് എതിരല്ല. ജല ചൂഷണം നടത്തുന്ന കമ്പനികള്‍ക്ക് വെള്ളം കൊടുക്കുന്നതിനാണ് എതിര്. തൊഴിലവസരങ്ങളുണ്ടാകുമെന്നതും കൃഷിയ്ക്ക് ഗുണകരമാകുമെന്നതും തെറ്റാണ്. പഞ്ചാബില്‍ മലിനീകരണത്തിന്റെ പേരില്‍ കമ്പനിക്കെതിരെ കേസുണ്ട്. ദില്ലി മദ്യനയ അഴിമതിയില്‍ ഉള്‍പ്പെട്ട കമ്പനിയാണ്. കമ്പനിയെ ആരു വിളിച്ചു കൊണ്ടു വന്നു എന്ന് മുഖ്യമന്ത്രി ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment