Sunday, August 2, 2026
Kerala News

ബലികൊടുക്കുന്ന പണി മുന്‍പും കോണ്‍ഗ്രസിലുണ്ട്: സുധാകരന് പിന്തുണയുമായി മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി; തമ്മില്‍ത്തല്ല് അവസാനിപ്പിച്ചില്ലേല്‍ തോല്‍വി ഉറപ്പ്

ബലികൊടുക്കുന്ന പണി മുന്‍പും കോണ്‍ഗ്രസിലുണ്ട്: സുധാകരന് പിന്തുണയുമായി മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി; തമ്മില്‍ത്തല്ല് അവസാനിപ്പിച്ചില്ലേല്‍ തോല്‍വി ഉറപ്പ്


കോട്ടയം: കെ.സുധാകരനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കത്തിനെതിരെ മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബലികൊടുക്കുന്ന പണി മുന്‍പും കോണ്‍ഗ്രസിലുണ്ടായിട്ടുണ്ടെന്നും താന്‍ അതിന്റെ ഇരയാണെന്നും മുല്ലപ്പള്ളി തുറന്നടിച്ചു. കോണ്‍ഗ്രസുകാര്‍ തമ്മില്‍ത്തല്ലുന്ന സ്വഭാവം നിര്‍ത്തിയില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പുകളിലും തോല്‍വിയാകും ഫലമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.  

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ പാര്‍ട്ടിക്കൊരു ബലിമൃഗത്തെ വേണമായിരുന്നു. അതാണ് താന്‍. അങ്ങനെയാണ് തന്നെ മാറ്റിയത്. തിരഞ്ഞെടുപ്പ് തന്റെ നേതൃത്വത്തില്‍ ആയിരുന്നില്ല. എന്നിട്ടും തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ തലയിലിട്ടു. പരാജയം കൂട്ടായ ഉത്തരവാദിത്തമാണ്. ലോക്‌സഭയില്‍ വിജയിച്ചപ്പോള്‍ ആരും തന്നെ അനുമോദിച്ചില്ല. പക്ഷെ തോറ്റപ്പോള്‍ കുറ്റം തന്റെ തലയിലായി. പിന്നീട് തീരുമാനങ്ങളെല്ലാം ധൃതിപിടിച്ചായിരുന്നു. ശ്വാസം വിടാനുള്ള സമയം പോലും നല്‍കാതെയാണ് രാജിവെപ്പിച്ചത്.

കെ.പി.സി.സി അധ്യക്ഷന്‍ എന്ന നിലയില്‍ എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകാനാണ് താന്‍ ശ്രമിച്ചിട്ടുള്ളത്. അത് തന്റെ ശക്തമായ ദൗര്‍ബല്യമായി മാറി. പുനഃസംഘടനയ്ക്കു വേണ്ടിയുള്ള പുനഃസംഘടനയല്ല നടക്കേണ്ടത്. ഗുണപരമായ മാറ്റമാണ് ഉണ്ടാകേണ്ടത്. മുന്‍പ് രണ്ട് ഗ്രൂപ്പുകളായിരുന്നു. ഇപ്പോള്‍ രണ്ടെന്നുള്ളത് നാലും അഞ്ചുമായി. ഓരോ ഗ്രൂപ്പിലും ഇന്നു കാണുന്ന നേതാക്കളെ നാളെ കാണുന്നില്ല. കഷ്ടപ്പാടും പ്രയാസവുമൊന്നും അനുഭവിച്ചല്ല ഇവരൊക്കെ വന്നത്. തണലായിട്ടും നിഴലായിട്ടും വാലായിട്ടുമൊക്കെ വന്നവരാണു പലരും. അതിന്റെ പ്രശ്‌നങ്ങളുണ്ട്. കോണ്‍ഗ്രസിനു വലിയൊരു വിഭാഗത്തെ നഷ്ടപ്പെടുന്നുണ്ട്. അത് കോണ്‍ഗ്രസിനെ നാശത്തിലേക്കാണ് കൊണ്ടുപോകുന്നതെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കി.

കോണ്‍ഗ്രസിന്റെ പാര്‍ട്ടി സംവിധാനം താഴെത്തട്ടില്‍ അതീവ ദുര്‍ബലമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ കോണ്‍ഗ്രസില്‍ അസാധാരണ ഐക്യം വേണം. കോണ്‍ഗ്രസിന് മുന്നിലുള്ളത് സുവര്‍ണാവസരമാണ്. ഏകശിലാ വിഗ്രഹം പോലെ മുന്നോട്ടുപോവുകയാണ് സി.പി.എം. എന്നാല്‍ സംസ്ഥാന സമ്മേളനം കഴിയുന്നതോടെ സി.പി.എമ്മിനുള്ളിലെ അസ്വാരസ്യങ്ങളും അവസാനിക്കും. അപ്പഴും കോണ്‍ഗ്രസുകാര്‍ തമ്മില്‍തല്ലുന്നത് തുടരുകയാണെങ്കില്‍ തോല്‍വിയാകും ഫലമെന്നും മുല്ലപ്പള്ളി പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment