Sunday, August 2, 2026
Kerala News

അഴിമതി ന്യായീകരിക്കാന്‍ കൂട്ടുപിടിക്കുന്നത് കോവിഡ് അടിയന്തിര സാഹചര്യത്തെ: പി.പി.ഇ കിറ്റ് വിവാദത്തില്‍ ഇടപാടിനെ ന്യായീകരിച്ച് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും

അഴിമതി ന്യായീകരിക്കാന്‍ കൂട്ടുപിടിക്കുന്നത് കോവിഡ് അടിയന്തിര സാഹചര്യത്തെ: പി.പി.ഇ കിറ്റ് വിവാദത്തില്‍ ഇടപാടിനെ ന്യായീകരിച്ച് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും


തിരുവനന്തപുരം: മൂന്നിരട്ടി വിലയ്ക്ക് പി.പി.ഇ വാങ്ങിയ സംഭവത്തില്‍ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ കൂട്ടുപിടിക്കുന്നത് കോവിഡ് കാലത്തെ അടിയന്തിര സാഹചര്യത്തെ. പകര്‍ച്ചവ്യാധി നേരിടുന്നതിന് പ്രാധാന്യം നല്‍കുമ്പോള്‍ മറ്റൊന്നും കാര്യമാക്കേണ്ടതില്ലെന്നാണ് അഴിമതി മറക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പടെ ഉത്തരവാദപ്പെട്ടവര്‍ പറയുന്നത്.

കോവിഡ് കാലത്ത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പ്രതിരോധ പ്രവര്‍ത്തനത്തിനും പരിചരണത്തിനും പി.പി.ഇ കിറ്റ് അനിവാര്യമായിരുന്നു. കരാറില്‍ ഏര്‍പ്പെട്ട കമ്പനി സമയത്ത് കിറ്റ് നല്‍കിയില്ല. അടിയന്തര സാഹചര്യത്തിലാണു കൂടിയ വിലയ്ക്കാണെങ്കില്‍ പോലും മറ്റൊരു കമ്പനിയില്‍ നിന്ന് കിറ്റ് വാങ്ങേണ്ടിവന്നതെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

കിറ്റ് വാങ്ങിയതില്‍ ക്രമക്കേട് കണ്ടെത്തിയ സി.എ.ജിക്കും കിട്ടി മുഖ്യമന്ത്രിയുടെ വക വിമര്‍ശനവും കുത്തുവാക്കും. അവ്യക്തത സൃഷ്ടിക്കുകയാണ് സി.എ.ജി ചെയ്തതെന്നും സി.എ.ജി പറയുന്നതെല്ലാം അവസാന വാക്കല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ സാഹചര്യങ്ങള്‍ സി.എ.ജി പരിഗണിച്ചില്ല. അവശ്യസാധന ക്ഷാമമോ വിലക്കയറ്റമോ കണക്കിലെടുക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അതിനുള്ള ഉചിതവും വ്യക്തവുമായ മറുപടി സര്‍ക്കാര്‍ സി.എ.ജിക്ക് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
എത്രകാലം കോവിഡ് നില്‍ക്കുമെന്നു പോലും പ്രവചിക്കാനാകാത്ത സാഹചര്യമുണ്ടായിരുന്നു. സങ്കീര്‍ണമായ മാനദണ്ഡങ്ങളെല്ലാം പാലിച്ചു മുന്നോട്ട് പോയാല്‍ മതിയായിരുന്നു എന്നാണോ പ്രതിപക്ഷം പറയുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക വിദഗ്ധ സമിതിയെ ആണു സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പെരുമാറാന്‍ ചുമതലപ്പെടുത്തിയത്. അടിയന്തര സാഹചര്യത്തിനൊപ്പം പെരുമാറേണ്ടി വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ടായിരുന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജ് സി.എ.ജി റിപ്പോര്‍ട്ടിനെയും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളേയും തള്ളിയത്. കോവിഡ് കാലത്ത് മനുഷ്യജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഇതെല്ലാം ചെയ്തത്. കോവിഡ് കാലത്ത് ശ്വാസം മുട്ടി കേരളത്തില്‍ ആരും മരിച്ചിട്ടില്ല. വെന്റിലേറ്റര്‍ ലഭിക്കാതെ ആരുടെയും ജീവന്‍ നഷ്ടമായില്ല. കേരളത്തില്‍ ഒരു പുഴയിലും മൃതദേഹങ്ങള്‍ ഒഴുകി നടന്നിട്ടില്ല.

പി.പി.ഇ കിറ്റ് ഇട്ടായിരുന്നു അന്നു മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. കോവിഡ് കാലത്തു വിദേശരാജ്യങ്ങളില്‍ നിന്നുപോലും കേരളത്തിലേക്കു ചികിത്സയ്ക്കായി ആളുകള്‍ വന്നിരുന്നു. സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തികളെ പി.പി.ഇ കിറ്റിന്റെ പേര് പറഞ്ഞ് ഇകഴ്ത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് വീണ ജോര്‍ജ് പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment