തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച ആരോഗ്യ അടിയന്തിരാവസ്ഥയുടെ സൗകര്യം ഉപയോഗപ്പെടുത്തി കൂടിയ തുകയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേട് നടന്നെന്ന സി.എ.ജിയുടെ കണ്ടെത്തല്‍ സര്‍ക്കാരിനേയും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മുന്‍പ് പ്രതിപക്ഷം ഇതേ ആരോപണം ഉന്നയിച്ചപ്പോള്‍ അതിനെ രാഷ്ട്രീയമായി നേരിട്ട സി.പി.എമ്മും സര്‍ക്കാരും അതേ ലാഘവത്തോടെ സി.എ.ജിയുടെ കണ്ടെത്തലിനെ തള്ളപ്പറയാനാകില്ല. കാരണം സി.എ.ജി എന്നത് ഒരു ഭരണഘടനാ സ്ഥാപനമാണ്. ആദ്യത്തേതിനെ രാഷ്ട്രീയമായി നേരിടാനായെങ്കില്‍ ഇപ്പോള്‍ മുന്നില്‍ വന്നുപെട്ടിരിക്കുന്നത് നിയമപരമായ കുരുക്കാണ്.
പ്രതിപക്ഷം ആരോപണം ഉന്നയിച്ച ഘട്ടത്തില്‍ എല്ലാം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അന്ന് പറഞ്ഞത്. ഇപ്പോള്‍ സി.എ.ജി അതേ ആരോപണം കണ്ടെത്തലിന്റെ പിന്‍ബലത്തോടെ ചൂണ്ടിക്കാട്ടുമ്പോള്‍ എല്ലാം സര്‍ക്കാര്‍ മറുപടി നല്‍കുമെന്ന് പറഞ്ഞത് തന്റെ ഭാഗം ന്യായീകരിക്കുകയാണ് ശൈലജ. രണ്ടായാലും ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ശൈലജ പറയാതെ പറഞ്ഞിരിക്കുന്നു.
മുന്‍പ് ഇതേ വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ മറുപടി പറഞ്ഞതാണെന്ന് പറഞ്ഞുതുടങ്ങിയ ശൈലജ ഇടപാടില്‍ നടന്ന കാര്യങ്ങള്‍ അക്കമിട്ട് വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. പി.പി.ഇ. കിറ്റിന് ക്ഷാമമുണ്ടായപ്പോള്‍ വില കൂടിയിരുന്നു. ഈ സമയത്താണ് കുറച്ച് പി.പി.ഇ. കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങേണ്ടി വന്നത്. ലക്ഷക്കണക്കിന് കിറ്റുകള്‍ വാങ്ങിയതില്‍ വളരെ കുറച്ച് കിറ്റുകള്‍ മാത്രമാണ് കൂടിയ വിലയ്ക്ക് വാങ്ങിയത്. ആ സാഹചര്യം അങ്ങിനെയായിരുന്നു. അത് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നും ശൈലജ പറയുന്നു.
നല്ല ക്ഷാമമുണ്ടായിരുന്നു സമയത്ത് ഒരു കമ്പനിയുടെ കൈയിലേ കിറ്റ് ഉണ്ടായിരുന്നുള്ളൂ. അന്ന്, 50,000 കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും അത്രയെണ്ണം ലഭിച്ചിരുന്നില്ല. ഗുണനിലവാരം കൂടെ കണക്കിലെടുത്തായിരുന്നു ഓര്‍ഡര്‍ സമര്‍പ്പിച്ചത്. നരത്തെ നിയമസഭയില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോള്‍ തന്നെ മറുപടി പറഞ്ഞതാണ്. ലോകായുക്തയുടെ മുമ്പാകെ പ്രതിപക്ഷം പരാതി സമര്‍പ്പിച്ചപ്പോഴും കാര്യങ്ങള്‍ വ്യക്തമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും വ്യക്തമായ മറുപടി നല്‍കിയെന്നും ശൈലജ പറഞ്ഞു.
പി.പി.ഇ കിറ്റ് ഇടപാടില്‍ 10.23 കോടി രൂപ സര്‍ക്കാരിന് അധിക ബാധ്യതയുണ്ടായി എന്നാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊതുവിപണിയേക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പി.പി.ഇ കിറ്റ് വാങ്ങിയത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കോവിഡ് മഹാമാരിയുണ്ടായപ്പോള്‍ പി.പി.ഇ കിറ്റ് വാങ്ങിയതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്.
Kerala
News
പി.പി.ഇ കിറ്റിലെ അഴിമതി: ശൈലജ വിരല്‍ ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കോ?; രണ്ടു തവണയും മറുപടിയില്‍ മുന ചെന്നെത്തുന്നത് പിണറായി വിജയനില്‍
Comments
No comments yet. Be the first to comment!
Leave a Comment